ന്യൂഡൽഹി: സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സദാനന്ദൻ കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരിക്കെയാണ് കണ്ണൂർ സ്വദേശിയായ സദാനന്ദൻ ആക്രമിക്കപ്പെടുന്നത്.
2016ൽ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടാണ് സദാനന്ദൻ മാസ്റ്റർ. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം ചർച്ചയക്കാനാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ.
സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം പ്രചോദനം ഉൾക്കൊണ്ടുള്ള തെരഞ്ഞെടുപ്പെന്ന് ബിജെപി വ്യക്തമാക്കി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം രാഷ്ട്രീയ അക്രമങ്ങൾക്കെതിരായ കുറ്റപത്രമായി നിലനിൽക്കുന്നു. സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ പറഞ്ഞു. മാരകമായ ആക്രമണമേറ്റിട്ടും മാസ്റ്റർ ആർഎസ്എസ് ആക്ടിവിസ്റ്റായി പ്രവർത്തിച്ചു. രാഷ്ട്രീയ ആക്രമണങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പ് മത്സരിച്ചത് വലിയ സന്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.