പത്തനംതിട്ട: അമ്മയേയും ആൺസുഹൃത്തിനേയും അസമയത്തു വീട്ടിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദിച്ച കേസിൽ ഇരുവർക്കും മൂന്ന് മാസം വീതം കഠിന തടവും പിഴയും വിധിച്ച് കോടതി. കോട്ടാങ്ങൽ സ്വദേശികളായ 45 കാരിയും 36 കാരനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ഏപ്രിൽ 6 നും 9 നുമിടയിലാണ് സംഭവം.
അടുപ്പത്തിലായിരുന്ന ഇരുവരെയും വീട്ടിൽ വച്ച് രാത്രി കുട്ടി കാണാനിടയായി. ഇക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിന് ഇരുവരും കുട്ടിയെ മർദിച്ചെന്നാണ് കേസ്. പെരുമ്പെട്ടി പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി മഞ്ജിത്ത് ആണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ വാക്കിൽ പ്രകോപിതനായ രണ്ടാം പ്രതി വീട്ടിനുള്ളിൽ വച്ച് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറി ഓടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന കമ്പെടുത്ത് പുറത്തടിച്ചു. ഇതിനിടെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായവർ അച്ഛനെ, അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. ആൺ സുഹൃത്തിൽ നിന്നും കുട്ടിക്ക് ദേഹോപദ്രവം ഏൽക്കാൻ അവസരമൊരുക്കുകയും ചെയ്തെന്നാണ് കേസ്.
കുട്ടിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം അന്നത്തെ പെരുമ്പെട്ടി എസ്ഐ ടി സുമേഷ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ് ഐ ജിജിൻ സി ചാക്കോ ആയിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് മാസം കഠിന തടവും 5000 രൂപയും, രണ്ടാം പ്രതിക്ക് മൂന്നു മാസം കഠിന തടവും 1000 രൂപ പിഴയുമാണ് കോടതി ശീക്ഷിച്ചത്. അടച്ചില്ലെങ്കിൽ യഥാക്രമം അഞ്ചു ദിവസവും ഒരു ദിവസവും വീതം അധിക കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് കോടതിയിൽ ഹാജരായി. എ എസ് ഐ ഹസീന കോടതി നടപടികളിൽ പങ്കാളിയായി.