കാഞ്ഞിരപ്പള്ളി: യാത്രക്കാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുക്കുകയും വിദ്യാർഥിനി റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ ഓടിച്ച് പോകുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി എംവിഐ അറിയിച്ചു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം എന്ന സ്ഥലത്ത് വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ വിദ്യാർഥിനി ഇറങ്ങുന്നതിന് മുമ്പുതന്നെ ബസ് മുന്നോട്ട് എടുക്കുന്നതും വിദ്യാർഥിനിയായ യാത്രക്കാരി റോഡിലേക്ക് വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോകുന്നതും കാണാം. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് എംവിഡി അറിയിച്ചു. ഡ്രൈവിങ് ലൈസൻസുമായി ബസ് ഡ്രൈവറിനോട് ആർടി ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്യുക.
അതേസമയം ആനിത്തോട്ടത്തിലെ ആശ്രമത്തിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ബസിൽ നിന്ന് തെറിച്ചുവീണത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന വാഴയിൽ എന്ന സ്വകാര്യ ബസ് വിദ്യാർഥിനികൾ ഇറങ്ങുന്നതിനിടെ മുന്നോട്ട് എടുത്ത് പോകുകയായിരുന്നു. രണ്ട് വിദ്യാർഥിനികൾ ഇറങ്ങിയതിന് പിന്നാലെ ഇറങ്ങാനെത്തിയ ഈ കുട്ടി സ്റ്റെപ്പിൽ നിൽക്കുമ്പോൾ തന്നെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. അതോടൊപ്പം ബസിന്റെ പിന്നിലെ ടയറുകൾ കുട്ടിയുടെ കാലിൽ കയറാതെ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡിൽ വീണ വിദ്യാർഥിനി തനിയെ എഴുന്നേറ്റ് സമീപത്തുള്ള കടയിലേക്ക് കയറുകയായിരുന്നു.
വിദ്യാർഥി വീണത് അറിഞ്ഞിട്ടും ബസ് നിർത്താതെ പോകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. പിന്നീട് ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവരികയായിരുന്നു. എന്നാൽ, സംഭവത്തിൽ പരാതി നൽകിയാൽ കേസെടുക്കുമെന്നായിരുന്നു പോലീസിന്റെ നിലപാട്.