കൊച്ചി/പാലക്കാട്: വലിയൊരു ശബ്ദം കേട്ട് അയൽവക്കത്തുള്ളവർ ഓടിയടുക്കുമ്പോൾ കണ്ട കാഴ്ച ശരീരമാസകലം പൊള്ളലുമായി അപകടത്തിൽപ്പെട്ട മക്കളെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമമാണ്. എന്നാൽ ആ ശ്രമത്തെ വിഭലമാക്കി നാലുവയസുകാരി യാത്രയായി. പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതിമാരുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ എംലീന എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ മാരകമായി പൊള്ളലേറ്റ എൽസിയും ഇവരുടെ മറ്റൊരു മകൻ ആൽഫിൻ മാർട്ടിനും(6) എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തിൽ പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ ഭാര്യ എൽസി (37), മക്കളായ അലീന (10), ആൽഫിൻ (ആറ്), എമിലി (നാല്), എൽസിയുടെ അമ്മ ഡെയ്‌സി (65) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇതിൽ എൽസി, ആൽഫിൻ, എമിലി എന്നിവരെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റുരണ്ടുപേരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നിൽ കാർ നിർത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കൾക്കൊപ്പം പുറത്തുപോകാനായി കാറിൽക്കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികൾ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എൽസിയെയാണ്.
അതേസമയം കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൽസിയുടെ അമ്മ ഡെയ്‌സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ കിണറിൽനിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലത്തെത്തിയ ചിറ്റൂർ സിഐ ജെ. മാത്യു പറഞ്ഞു. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നരമാസംമുമ്പാണ് കാൻസർ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എൽസിയും കുടുംബവും അഞ്ചുവർഷം മുൻപാണ് പൊൽപ്പുള്ളി പൂളക്കാട്ട് താമസമായത്.