ക്വലാലംപുർ: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ ലിഷാല്ലിനി കണാരൻ രംഗത്ത്. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. അനുഗ്രഹം നൽകാനെന്ന വ്യാജേനയാണ് ഇന്ത്യക്കാരനായ പൂജാരി തന്നെ കടന്നുപിടിച്ചെന്നു ലിഷാല്ലിനി കണാരൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഒരുമാസം മുൻപാണ് സംഭവം നടന്നതെന്ന് നടി പോസ്റ്റിൽ പറയുന്നു. 2021 ലെ മിസ് ഗ്രാൻഡ് മലേഷ്യ പട്ടം നേടിയ താരം കൂടിയാണ് ലിഷാല്ലിനി.
ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്ന വ്യാജേന ഏതോ ദ്രാവകം തന്റെ ശരീരത്തിലേക്ക് തളിച്ച ശേഷം തന്നെ കടന്നുപിടിച്ചുവെന്നാണു ലിഷാല്ലിനിയുടെ വെളിപ്പെടുത്തൽ. സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിൽവെച്ചായിരുന്നു സംഭവമെന്ന് നടി പറയുന്നു. ക്ഷേത്ര പൂജാരിയുടെ അഭാവത്തിൽ താത്കാലികമായി പൂജാകർമങ്ങൾ നിർവഹിക്കാനായി എത്തിയ പൂജാരിക്കെതിരെയാണ് നടിയുടെ ആരോപണം എന്ന് സെപാങ് പോലീസ് മേധാവി നോർഹിസാം ബഹാമൻ പറഞ്ഞു. നടിയെ മുഖത്തും ശരീരത്തിലും ദിവ്യജലം തളിച്ച ശേഷം അതിക്രമം നടത്തുകയാണ് ആരോപണവിധേയൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെതിരെയും നടി ആരോപണം ഉന്നയിച്ചു. തനിക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച് പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടതായും നടി പറയുന്നു.കഴിഞ്ഞ ജൂൺ 21 നാണ് സംഭവമെന്നും അമ്മ ഇന്ത്യയിലേക്ക് പോയതിനാൽ അന്നേദിവസം തനിച്ചാണ് ക്ഷേത്രത്തിലേക്ക് പോയതെന്നും ലിഷാല്ലിനി പറഞ്ഞു. ക്ഷേത്രദർശനത്തിനിടെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്ഷേത്രത്തിലെ പൂജാരിയാണ് നിർദേശങ്ങൾ നൽകുന്നതെന്നും അതിനാൽത്തന്നെ പൂജാരിയുടെ നിർദേശങ്ങൾ പാലിക്കാറുണ്ടെന്നും അവർ പറഞ്ഞു. താൻ പ്രാർഥനയിലായിരുന്ന സമയത്ത് പൂജാരി സമീപത്തെത്തുകയും ‘ദിവ്യജലം’ തളിക്കുകയും പൂജിച്ച ചരട് നൽകുകയും ചെയ്തു. പ്രാർഥനയ്ക്ക് ശേഷം ചെന്നുകാണാൻ പൂജാരി ആവശ്യപ്പെട്ടതായും നടി കൂട്ടിച്ചേർത്തു.
പിന്നീടു ക്ഷേത്രദർശനത്തിനെത്തിയ മറ്റുള്ളവർ പോയ ശേഷം പൂജാരിയുടെ ഓഫീസിലേക്ക് ചെല്ലാനാവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തിയ ഉടനെ രൂക്ഷഗന്ധമുള്ള ദ്രാവകം തന്റെ ശരീരത്തിൽ തളിക്കുകയും അത് വീണതോടെ കണ്ണുകൾ നീറുകയും ആ അവസരത്തിൽ തന്റെ മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം അഴിച്ചു മാറ്റാൻ നിർബന്ധിക്കുകയും ചെയ്തു. അതിനു വിസമ്മതിച്ചതോടെ പൂജാരി ദേഷ്യപ്പെടുകയും ശേഷം പുറകിൽ വന്ന് മേൽവസ്ത്രത്തിനുള്ളിലേക്ക് കൈകടത്തുകയും ശരീരത്തിൽ ബലമായി പിടിക്കാൻ തുടങ്ങുകയും ചെയ്തു. വഴങ്ങിക്കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്ന് അയാൾ പറഞ്ഞതായും നടി ആരോപിച്ചു.
ആ സമയം അന്നേരം തനിക്ക് ചലിക്കാനോ ശബ്ദമുയർത്താനോ സാധിച്ചില്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അവർ പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽവെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തതെന്നും ലിഷാല്ലിനി കൂട്ടിച്ചേർത്തു.തനിക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലിൽനിന്ന് പുറത്തു കടക്കാൻ ദിവസങ്ങളെടുത്തതായും ജൂലായ് നാലിന് പോലീസിൽ പരാതി നൽകിയതായും അവർ പോസ്റ്റിൽ പറയുന്നു. പിന്നീട് ആരോ ഈ വിവരം പൂജാരിയെ അറിയിച്ചതായും അയാൾ നാടുവിട്ടതായും അവർ പറഞ്ഞു. അതേസമയം പൂജാരിക്ക് വേണ്ടി മലേഷ്യൻ പോലീസ് തിരച്ചിൽ ആരംഭിച്ചു.