തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് പാർട്ടിയുടെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരെ സർവകലാശാലയിലെത്തി കണ്ടു സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. വിദ്യാർത്ഥികളുമായി സംസാരിച്ചാണ് അദ്ദേഹം മടങ്ങിയത്. വൈസ് ചാൻസലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘എസ്എഫ്ഐ ഈ സമരം തുടരും. ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ വൈസ് ചാൻസലറുൾപ്പെടെ എല്ലാവർക്കും സാധിക്കണം. എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയരുത്. പറഞ്ഞാലും ആർഎസ്എസിന്റെ തീട്ടൂരമനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാലും കേരളത്തിലെ വിദ്യാർത്ഥി സമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിന് വഴങ്ങിക്കൊടുക്കില്ല’- എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുളള പോരാട്ടമാണ് എസ്എഫ്ഐ ഏറ്റെടുത്തിരിക്കുന്നതെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ‘കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയമായി തമസ്‌കരിച്ച മുന്നണിയാണ് സംഘപരിവാറിന്റെ രാഷ്ട്രീയ മുന്നണി. അവർക്ക് പിൻബലമുണ്ടാക്കാനാണ് സംഘികളായ ഗവർണർമാരെ കേരളത്തിൽ കൊണ്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുക എന്നതാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആർഎസ്എസ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്?
മാത്രമല്ല സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തിൽ എവിടെയും ഇല്ലാത്ത ആർഎസ്എസ് ഇന്ന് രാജ്യമുണ്ടാക്കിയ എല്ലാ നല്ലതും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. 5 സംഘപരിവാറുകാരായ വിസിമാർ കേരളത്തിലെ സർവകലാശാലകളിൽ ഇരുന്ന് തോന്ന്യാസം കാണിക്കുകയാണ്. താൽക്കാലിക വിസിക്ക് പകരം താൽക്കാലികക്കാരിയായ വിസിയെ കൊടുത്തിരിക്കുകയാണ്. കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുകയാണ്. വിദ്യാർത്ഥി പ്രശ്‌നങ്ങളിൽ ഇടപെടാൻ അവർക്ക് സമയമില്ല. ഇങ്ങനെ പോകാമെന്നാണ് വിസിയും അദ്ദേഹം വിസിയുടെ രാജാവെന്ന് വിസി കരുതുന്ന ഗവർണറും വിചാരിക്കുന്നതെങ്കിൽ ഇത് കേരളമാണെന്ന് എസ്എഫ്ഐ പറയുകയാണ്. സമരം ശക്തമായി കൊണ്ടുപോകും. ഇത് എസ്എഫ് ഐ vs ഗവർണർ സമരമാണ്’- ശിവപ്രസാദ് പറഞ്ഞു. ജൂലൈ പത്തിന് യൂണിവേഴ്‌സിറ്റിയിലേക്കും രാജ്ഭവനിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ ശക്തമായ പ്രതിഷേധമാണ് എസ് എഫ് ഐ സംഘടിപ്പിച്ചത്. എസ് എഫ് ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനാണ് പ്രവർത്തകർ ശ്രമിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ അറസ്റ്റ് ചെയ്ത് നീക്കത്തിനെതിരെ കനത്ത ചെറുത്ത് നിൽപ്പ് നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.