തിരുവനന്തപുരം: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് സർക്കാരാണെന്നു എന്തുകൊണ്ടാണ് ടൂറിസം മന്ത്രി പറയാതിരുന്നതെന്ന് പിവി അൻവർ. ചാരവൃത്തി പോലുള്ള ഗൗരവതരമായ വിഷയമായിരുന്നിട്ടും ഈ വിവരം കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അൻവർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.
അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണെന്ന് വ്യക്തമാക്കിയത് വിവരാവകാശ രേഖയാണ്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്.
ഈ വിഷയത്തിൽ കേരളത്തിലെ പൊതു സമൂഹത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകാൻ ടൂറിസം മന്ത്രിക്ക് ബാധ്യതയുണ്ട്.
ആയിരക്കണക്കിന് വ്ളോഗർമാർക്കിടയിൽ നിന്നും ജ്യോതി മൽഹോത്രയെ തിരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
ജ്യോതി മൽഹോത്ര അറസ്റ്റിലായ സമയത്ത് എന്തുകൊണ്ടാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ വിവരം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാതിരുന്നത്?അറസ്റ്റ് വിവരം അറിഞ്ഞിട്ടും ചാരവൃത്തി പോലുള്ള ഗൗരവതരമായ വിഷയമായിരുന്നിട്ടും ഈ വിവരം കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ????