വാഷിങ്ടൻ: ട്രംപിൻരെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം ലഭിച്ചാൽ പിറ്റേദിവസം അമേരിക്ക പാർട്ടി പിറവിയെടുക്കുമെന്ന ടെക് ഭീമൻ എലോൺ മസ്‌കിന്റെ ഭീഷണി എന്താകുമെന്ന് ഇനി അറിഞ്ഞാൽ മതി. കാരണം യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം ലഭിച്ചുകഴിഞ്ഞു. 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷമാണ് ബിൽ സെനറ്റ് കടന്നത്. 51–50 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്.
ബില്ലിനെ കുറിച്ച് വൈറ്റ്ഹൗസ് എക്സിൽ കുറിച്ചതിങ്ങനെ- മഹാ വിജയം: പ്രസിഡന്റ് ട്രംപിന്റെ ഒരു വലിയ മനോഹരമായ ബിൽ അമേരിക്കൻ സെനറ്റ് പാസാക്കി.
MAGA VICTORY: The United States Senate PASSES President Trump’s One Big Beautiful Bill 🇺🇸🦅🎉 pic.twitter.com/28JThZW5z0
— The White House (@WhiteHouse) July 1, 2025
ഇനി അടുത്ത ഘട്ടത്തിൽ ബിൽ പ്രതിനിധി സഭയിലേക്കു പോകും. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1,000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് 18 മണിക്കൂർ നീണ്ടത്.
ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത് സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ്. യുഎസ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി വെള്ളിയാഴ്ചയോടെ നിയമനിർമാണത്തിന് അംഗീകാരം ലഭിക്കാൻ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് സെനറ്റിലെ വിജയം സുപ്രധാന ചുവടുവയ്പ്പായി മാറിയിരിക്കുകയാണ്. ആകെ 100 അംഗങ്ങളുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 അംഗങ്ങളും ഡെമോക്രാറ്റിക് പാർട്ടിക്ക് 45 അംഗങ്ങളും ഉണ്ട്.
പക്ഷെ പ്രതിനിധി സഭയിൽ അവതരിപ്പിക്കുന്ന ബില്ലിനെ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർക്കാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ഏകദേശം ഒരു ട്രില്യൺ ഡോളർ സബ്സിഡിയുള്ള ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിലെ വ്യവസ്ഥകളെച്ചൊല്ലി സെനറ്റർമാർക്കിടയിൽ ഭിന്നതയുണ്ടായിരുന്നു. 2034 ആകുമ്പോഴേക്കും ഏകദേശം 12 ദശലക്ഷം ആളുകൾക്ക് ആരോഗ്യ പരിരക്ഷ നഷ്ടപ്പെടുമെന്നാണ് കണക്കുക്കൂട്ടുന്നത്.
അതേസമയം ഡെമോക്രാറ്റ് അംഗങ്ങളുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള സെനറ്റിനുള്ളിൽ ട്രംപ് വിജയം കൈവരിക്കുകയായിരുന്നു. മേയ് മാസത്തിൽ ഡോജ് മേധാവി സ്ഥാനം രാജിവച്ച ശതകോടീശ്വരൻ ഇലോൺ മസ്‌ക് ബില്ലിനെക്കുറിച്ചുള്ള തന്റെ വിമർശനം ആവർത്തിച്ചിരുന്നു.
എക്‌സിലെ ഒരു പോസ്റ്റിൽ ബില്ലിനെ കുറിച്ചു എലോൺ മസ്‌ക് പറഞ്ഞതിങ്ങനെ, “ഈ ഭ്രാന്തൻ ചെലവ് ബിൽ പാസായാൽ, അടുത്ത ദിവസം അമേരിക്ക പാർട്ടി രൂപീകരിക്കപ്പെടും. ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു വോയ്‌സ് ലഭിക്കുന്നതിന് നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റ്- റിപ്പബ്ലിക്കൻ യൂണിപാർട്ടിക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ പ്രചാരണം നടത്തിയ, എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ കടപരിധി വർദ്ധനവിനെക്കുറിച്ച് വോട്ട് ചെയ്യുന്നത് തുടരുന്ന ഏതൊരാൾക്കും അടുത്ത വർഷത്തെ പ്രൈമറിയിൽ ഈ പോസ്റ്ററിൽ അവരുടെ മുഖം കാണാൻ കഴിയും.” അതുപോലെ ട്രംപിന്റെ പുതിയ ബില്ലിനെ ‘കടം അടിമത്ത ബിൽ (Debt Slavery Bill)’ എന്ന് മസ്ക് വിശേഷിപ്പിച്ചത്.
മാത്രമല്ല ട്രംപിന്റെ പുതിയ ബിൽ സാധാരണക്കാരായ അമേരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് ഇലോൺ മസ്‌കിന്റെ വാദം. കടപരിധി അഞ്ച് ട്രില്യൺ ഡോളറായി വർധിപ്പിക്കുന്ന ഈ ബില്ലിൽനിന്ന് ഒരു കാര്യം വ്യക്തമാണെന്നും ഒരു ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും ആ കക്ഷിയാണ് ‘പോർക്കി പിഗ് പാർട്ടി’ എന്നും മസ്‌ക് ‘എക്‌സി’ൽ വിമർശിച്ചു. ജനങ്ങളുടെ കരുതലിനായുള്ള പുതിയ ഒരു രാഷ്ട്രീയ പാർട്ടിക്കുള്ള സമയമായെന്നും അദ്ദേഹം ‘എക്‌സി’ൽ കുറിച്ചു.