വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ (‘Big Beautiful bill) പാസായാൽ അടുത്ത ദിവസം അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഭീഷണിയുമായി ടെക് ഭീമൻ എലോൺ മസ്‌ക്. രണ്ട് രാഷ്ട്രീയ പാർട്ടികളും – റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും – വ്യത്യസ്ത പേരുകളുള്ള രണ്ട് പാർട്ടികളാണെന്നും ദേശീയ കടം കുറയ്ക്കാൻ ഇരുവരും ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ എങ്ങനെ പാപ്പരത്തത്തിലേക്ക് നയിക്കുമെന്ന് മുൻ യുഎസ് കോൺഗ്രസ് അംഗം റോൺ പോൾ വിശദീകരിച്ച നിരവധി പോസ്റ്റുകളും അദ്ദേഹം പങ്കിട്ടു.
എക്‌സിലെ ഒരു പോസ്റ്റിൽ എലോൺ മസ്‌ക് പറഞ്ഞതിങ്ങനെ, “ഈ ഭ്രാന്തൻ ചെലവ് ബിൽ പാസായാൽ, അടുത്ത ദിവസം അമേരിക്ക പാർട്ടി രൂപീകരിക്കപ്പെടും. ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു വോയ്‌സ് ലഭിക്കുന്നതിന് നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റ്-റിപ്പബ്ലിക്കൻ യൂണിപാർട്ടിക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ പ്രചാരണം നടത്തിയ, എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ കടപരിധി വർദ്ധനവിനെക്കുറിച്ച് വോട്ട് ചെയ്യുന്നത് തുടരുന്ന ഏതൊരാൾക്കും അടുത്ത വർഷത്തെ പ്രൈമറിയിൽ ഈ പോസ്റ്ററിൽ അവരുടെ മുഖം കാണാൻ കഴിയും.”
സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനായി പ്രചാരണം നടത്തുകയും ഉടൻ തന്നെ ഈ ബില്ലിന് വോട്ട് ചെയ്യുകയും ചെയ്ത കോൺഗ്രസിലെ ഓരോ അംഗവും “അടുത്ത വർഷത്തെ പ്രൈമറി പരാജയപ്പെടും” എന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതുപോലെ ട്രംപിന്റെ പുതിയ ബില്ലിനെ ‘കടം അടിമത്ത ബിൽ (Debt Slavery Bill)’ എന്ന് മസ്ക് വിശേഷിപ്പിച്ചത്.
ട്രംപിന്റെ പുതിയ ബിൽ സാധാരണക്കാരായ അമേരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് ഇലോൺ മസ്‌കിന്റെ വാദം. കടപരിധി അഞ്ച് ട്രില്യൺ ഡോളറായി വർധിപ്പിക്കുന്ന ഈ ബില്ലിൽനിന്ന് ഒരു കാര്യം വ്യക്തമാണെന്നും ഒരു ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും ആ കക്ഷിയാണ് ‘പോർക്കി പിഗ് പാർട്ടി’ എന്നും മസ്‌ക് ‘എക്‌സി’ൽ വിമർശിച്ചു. ജനങ്ങളുടെ കരുതലിനായുള്ള പുതിയ ഒരു രാഷ്ട്രീയ പാർട്ടിക്കുള്ള സമയമായെന്നും അദ്ദേഹം ‘എക്‌സി’ൽ കുറിച്ചു.
പ്രതിരോധ മേഖലയ്ക്കും ഊർജ ഉത്പാദനരംഗത്തും അതിർത്തി സുരക്ഷയ്ക്കും കൂടുതൽ ധനസഹായം ആവശ്യപ്പെടുന്ന, അതേസമയം, ആരോഗ്യ, പോഷകാഹാര പദ്ധതികളിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിന്റെ ‘വലിയ, മനോഹര ബിൽ’. നികുതി, ആരോഗ്യസംരക്ഷണം, അതിർത്തി സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ജൂലായ് നാലിന് മുമ്പ് സെനറ്റിൽ ബിൽ പാസാക്കാനാണ് നീക്കം.