പത്തനംതിട്ട: ഏറെ പ്രതീക്ഷകളുമായി യുകെയിലേക്ക് യാത്ര തിരിച്ച രഞ്ജിതയുടെ യാത്ര പാതിവഴിയിൽ മരണം കവർന്നു. അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സ് കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരും (39). ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതയ്‌ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം.
ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂടാതെ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും അപകടത്തിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 400 വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ മെസ് ഹാളിനു മുകളിലേക്കായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.