നിലമ്പൂർ: നിലമ്പൂരിൽ ഹിന്ദുമഹാസഭ സ്ഥാനാർഥി പിൻമാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമെന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്തിയെന്നു ഹിമവൽ ഭദ്രാനന്ദ ആരോപിച്ചു. സംഘടനയ്ക്ക് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്. താൻ പ്രവർത്തകരോട് മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.
അതേസമയം ഹിന്ദു മഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയെന്നു പുറത്തുവരുന്ന വാർത്തകൾ വ്യാജമാണ്. ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും ഹിമവൽ ഭദ്രാനന്ദ. കഴിഞ്ഞദിവസം സിപിഐഎം നേതാവ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് എൽഡിഎഫിന് പ്രഖ്യാപിച്ചിരുന്നു. അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാർലമെന്റ്റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളിൽ എൽഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ പിന്തുടർന്ന് വരുന്നത്.
ഹിന്ദു മഹാസഭാ ഒരു രാഷ്ട്രീയ പാർട്ടിയാണ് അല്ലാതെ മത സംഘടനയല്ല. ബിജെപിയെ പിന്തുണച്ചുകൊണ്ടല്ല അഖിലഭാരത ഹിന്ദു മഹാസഭാ പ്രവർത്തിക്കുന്നതെന്നും വാജ്‌പേയ് മന്ത്രിസഭയുടെ കാലത്ത് തന്നെ ബിജെപിയുമായുള്ള എല്ലാബന്ധങ്ങളും ഹിന്ദു മഹാസഭ വിട്ടുകഴിഞ്ഞുവെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു.