വൈക്കം: കാണാതായ മത്സ്യ ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ മുതൽ വിപിനെ കാണാനില്ലായിരുന്നു.
പോലീസ് വള്ളത്തിൽ നടത്തിയ തിരച്ചിലിൽ ശക്തമായ ദുർഗന്ധം വന്നതോടെ സമീപത്തെ വനത്തിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫാമിൽ നിന്നും ഏകദേശം 100 മീറ്റർ അകലയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉള്ളതായി വിപിന്റെ ഭാര്യ അനില ആരോപിച്ചു. കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിപിന്റെ മരണം കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേസമയം തിങ്കളാഴ്ച പുലർച്ചെയാണ് വിപിൻ ഫാമിലേക്ക് പോയതെന്ന് അനില പറയുന്നു. കൂടാതെ കാലിൽ നീര് ഉള്ളതിനാൽ നടന്നു പോകാൻ സാധിക്കില്ല. കാർ കൊണ്ടുപോയിട്ടില്ല. കിടക്കുന്ന സ്‌ഥലത്ത് കപ്പലണ്ടി ചിതറി കിടപ്പുണ്ട്. ഒരു സാധനവും കളയുന്ന ശീലം ഇല്ലെന്നും ഭാര്യ പറയുന്നു. മാത്രമല്ല അടുക്കളയുടെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. നായ ശല്യം ഉള്ളതിനാൽ ഒരു കാരണവശാലും വാതിൽ തുറന്നിടാറില്ല. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതായി അനില ആരോപിച്ചു.















































