ആലുവ: എറണാകുളം ആലുവയിൽ നാല് വയസുകാരിയായ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പോലീസ്. എന്നാൽ പല കാര്യങ്ങൾ ചെയ്യുന്നതിലും കുട്ടിയുടെ അമ്മയ്ക്ക്ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തൽ.
അവർക്കു സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാൻ കഴിയാത്ത ഒരു അമ്മയാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. മാത്രമല്ല മക്കളുടെ കാര്യംപോലും നോക്കാൻ അവർക്ക് പ്രാപ്തിക്കുറവുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം അമ്മ കുട്ടികളെ കൊലപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നുവെന്ന യുവതിയുടെ ഭർത്താവിന്റേയും വീട്ടുകാരുടേയും ആരോപണം പോലീസ് തള്ളി.
അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നൽകിയത്. അതുപോലെ കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം പിതൃ സഹോദരൻ മുതലെടുക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും കുട്ടികളും തന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിൽ താൻ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭർത്താവിന്റെ വീട്ടിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നൽകിയിട്ടുണ്ട്. അതുപോലെ ഭർത്താവ് മറ്റൊരു വിവാഹത്തിനു ശ്രമിക്കുന്നുണ്ടെന്ന സൂചനയും അവരെ കൊലപാതകത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.