ഹരിയാന: പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെ ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് സംഘം എന്നിവര്‍ ചോദ്യംചെയ്തുതുടങ്ങി. കൊച്ചിയും കോഴിക്കോടുമടക്കം കേരളത്തിൽ വിവിധ നഗരങ്ങളിൽ ജ്യോതി യാത്രചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.ജ്യോതി കേരളത്തിലെത്തിയപ്പോള്‍ മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് തങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കേരളത്തിലെ പല സ്ഥലങ്ങളില്‍ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 17-നാണ് മട്ടാഞ്ചേരിയില്‍ മുറിയെടുത്തത്. ജ്യോതിയുടെ യാത്ര സംബന്ധിച്ച് ഹരിയാണ പോലീസ് കൊച്ചി പോലീസിനെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് പ്രാഥമികാന്വേഷണം നടത്തി.
2023 മുതല്‍ ഇവര്‍ പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് സൂചന. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളെയും യാത്രാവിശദാംശങ്ങളെയുംകുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. പഹല്‍ഹാം ഭീകരാക്രമണത്തിനുശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായുള്ള ജ്യോതിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിക്രൂട്ടുചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങളും സൈനികനടപടികളും ജ്യോതിയും പാക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ഹരിയാണ പോലീസ് നല്‍കുന്ന സൂചന. യുട്യൂബില്‍ ഇവരെ പിന്തുടര്‍ന്നിരുന്നത് 3.87 ലക്ഷം പേരാണ്.
‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യുട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹിസാര്‍ സ്വദേശിയായ ജ്യോതിയെ (33) മേയ് 16-നാണ് അറസ്റ്റുചെയ്തത്. ചാരവൃത്തിക്കേസില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് 12 പേരാണ് ഇതുവരെ അറസ്റ്റിലായത്.
പാകിസ്താന്‍, ചൈന, മറ്റുചില രാജ്യങ്ങള്‍ എന്നിവ ജ്യോതി സന്ദര്‍ശിച്ചെന്ന് സ്ഥിരീകരിച്ചതിനാല്‍ കേന്ദ്ര ഏജന്‍സികളും സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും അവരുടെ യാത്രാവിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ജ്യോതിയുടെ ലാപ്‌ടോപ്പിന്റെ ഫൊറന്‍സിക് പരിശോധന നടക്കുകയാണെന്നും യുട്യൂബറുമായി ബന്ധപ്പെട്ടിരുന്നവരെയും ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഡല്‍ഹി പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനുമായി അവര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഹിസാര്‍ എസ്പി ശശാങ്ക് കുമാര്‍ വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിനുമുന്‍പ് ജ്യോതി കശ്മീരില്‍ പോയിരുന്നുവെന്നും അതിനുമുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.