കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്. അതേപോലെ കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പോലീസ് അന്വേഷിക്കും. അതേസമയം കല്യാണിയുടെ മരണത്തിൽ ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ആദ്യം ബസിൽ നിന്നും കാണാതായെന്ന് മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറഞ്ഞു. എന്നാൽ യുവതി മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ സന്ധ്യയുടെ അമ്മ ഇതു നിഷേധിച്ചു. മകൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലായെന്നായിരുന്നു ഇവരുടെ മറുപടി.
അതേസമയം കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു. സന്ധ്യയുടെ ഭർത്താവ് സുഭാഷ് മകളെ മർദ്ദിക്കുമായിരുന്നെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. ‘‘ഭർത്താവ് തല്ലുമ്പോൾ സന്ധ്യ എടുത്തുചാടി എന്തെങ്കിലുമൊക്കെ പറയും, അതുകേൾക്കുമ്പോൾ അവളെ ഭർത്താവ് കരണത്ത് അടിക്കും. സന്ധ്യ നോർമൽ ആണോയെന്ന് അറിയാൻ സർട്ടിഫിക്കറ്റ് വേണമെന്ന് സുഭാഷിന്റെ അമ്മയും അയൽക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാരണം ദേഷ്യം വരുമ്പോൾ സന്ധ്യയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന സംശയം അവർക്കുണ്ടായിരുന്നു. പിന്നാലെയാണ് സർട്ടിഫിക്കറ്റ് ചോദിച്ചത്. പിന്നീട് ഡോക്ടറെ കാണിച്ചു, എന്നാൽ ഒരു കുഴപ്പവുമില്ല നിങ്ങൾ വിട്ടോയെന്നാണ് ഡോക്ടർ പറഞ്ഞത്.
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്നര വയസുകാരിയെ കാണാതായതായി വിവരങ്ങൾ പുറത്തുവന്നത്. അങ്കണവാടിയിൽ നിന്ന് കൂട്ടാനായി സന്ധ്യ പോയെങ്കിലും തിരികെ എത്തുമ്പോൾ കുട്ടി കൂടെയില്ലായിരുന്നു.
അതേസമയം ചെങ്ങമനാട് പോലീസാണ് സന്ധ്യയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മൂഴിക്കുളം ഭാഗത്തെ പാലത്തിനു സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി മനസിലായത്. പ്രതികൂല കാലാവസ്ഥയിൽ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകൾ മറികടന്നായിരുന്നു കല്യാണിക്കായി തിരച്ചിൽ നടത്തിയത്. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.