പത്തനംതിട്ട: ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിനിരയായ 34കാരനായ അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ച് കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലിബിൻ ലാൽ എന്ന യുവാവിനെയാണ് നിലവിൽ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. അക്രമത്തിൽ ഇയാളുടെ പങ്കെന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
അനൂപ് കുമാറിനോടുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടരക്ക് ശേഷമാണ് സംഭവം. കട നടത്തുകയാണ് അനൂപ് കുമാര്‍. കട അടച്ചതിന് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത്, വീടിന് സമീപത്ത് വെച്ച് ആക്രമണം നേരിട്ടത്.
മുഖത്തും ഇടതുകണ്ണിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെങ്കിലും കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കാഴ്ചക്കുറവുണ്ടാകുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. സംഭവത്തിൽ വിശദമായി മൊഴിയെടുക്കുന്നതായി പൊലീസ് അറിയിച്ചു.