കൊച്ചി: നെടുമ്പാശ്ശേരിയിൽ അങ്കമാലി സ്വദേശിയായ യുവാവിന്റെ വാഹനാപകടം കൊലപാതകമെന്ന് സൂചന. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇരുപത്തിന്നാലുകാരനായ ഐവിൻ ജിജോ മരിച്ചത്. എന്നാൽ ദൃക്‌സാക്ഷികളുടെ മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ ഐവിന്റെ മരണം മനഃപൂർവ്വം കാറിടിപ്പിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. യുവാവിനെ ഇടിച്ച കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റേതാണെന്നും കണ്ടെത്തി.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് നായിത്തോട് വെച്ചാണ് സംഭവമുണ്ടായത്. യുവാവും സിഐഎസ്എഫ് ഉദ്യോഗസ്ഥനായ വിനയകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കുതർക്കം. തുടർന്ന് യുവാവ് കാറിന്റെ മുന്നിൽ കയറി നിന്നു. ഇതോടെ യുവാവിനെ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് കാറുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ കടന്നുകളയുകയായിരുന്നു. കുറേദൂരം യുവാവ് കാറിന്റെ ബോണറ്റിൽ തങ്ങിക്കിടന്നിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ബോണറ്റിൽ നിന്ന് താഴേക്ക് വീണ ഐവിനെ നിരക്കിക്കൊണ്ട് കാർ ഓടിച്ചിരുന്നതായും വിവരമുണ്ട്.
അതേസമയം ആശുപത്രിയിലെത്തിക്കുന്നതിനുമുൻപ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഐവിൻ. സംഭവം നടന്ന സ്ഥലത്തിനു സമീപത്തുള്ള ഗ്രൗണ്ടിൽ കളിച്ചശേഷം ബൈക്കിനു സമീപത്തേക്ക് വന്ന സമയത്താണ് വാക്കുതർക്കമുണ്ടായത്. വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ ഐവിൻ ഫോണിൽ പകർത്തിയതായാണ് വിവരം. പ്രതി വിനയകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം എസ് ഐ വിനയകുമാറാണ് വാഹനമോടിച്ചതെന്നാണ് അറിയുന്നത്.