ബെംഗളൂരു: ഹോസ്റ്റൽ ബാൽക്കണിയിൽ നിന്ന് പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ് സ്വദേശി ശുഭാംശു ശുക്ലയാണ് വൈറ്റ് ഫീൽഡിന് അടുത്തുള്ള പ്രശാന്ത് ലേ ഔട്ടിൽ നിന്ന് പിടിയിലായത്. മെയ് 9-ന് രാത്രിയാണ് താമസിച്ചിരുന്ന പിജി ഹോസ്റ്റലിൻറെ ബാൽക്കണിയിൽ നിന്ന് ശുഭാംശു ഉറക്കെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. അയൽവാസി ഇത് റെക്കോർഡ് ചെയ്ത് പോലീസിനയച്ചു. തുടർന്ന് ശുഭാംശുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നേരത്തെ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവ് അറസ്റ്റിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ദിഖാണ് അറസ്റ്റിലായത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്തായ ബീഹാർ സ്വദേശിയെ പിന്നീട് വിട്ടയച്ചു. അതേസമയം ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. കൊച്ചിയിൽ നടന്ന ‘കശ്മീരി ആകുന്നത് കുറ്റകരമല്ല’ എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിനെതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.
അതേസമയം പാക് പതാകകൾ വിൽക്കരുത് എന്ന് ഇ – കൊമേഴ്സ് വെബ്സൈറ്റുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ വിൽപന പാടില്ലെന്നാണ് നിർദേശം. കൂടാതെ നിലവിൽ വിൽപനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്‍ഫോമിൽ നിന്ന് പിൻവലിക്കാനും നിർദേശമുണ്ട്.