ഒസാക്ക: ചൈനക്കാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒസാക്കയിലെ റെസ്റ്റോറന്റ്. ജപ്പാനിലെ സ്ട്രീറ്റ് ഫുഡായ യാക്കിട്ടോരി വില്‍ക്കുന്ന ഹയാഷിന്‍ എന്ന പേരിലുള്ള റെസ്റ്റോറന്റിന്റെ വാതിലില്‍ ചൈനക്കാര്‍ക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പ് ഒട്ടിച്ചത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
‘ചൈനീസ് ഉപഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ പരുക്കന്മാരാണ്. പരുക്കന്‍പെരുമാറ്റമുള്ള ചൈനക്കാര്‍ക്ക് സ്ഥാപനത്തിലേക്ക് പ്രവേശനമില്ല’ എന്നെഴുതിയ കുറിപ്പാണ് റസ്റ്റോറന്റിന്റെ വാതിലില്‍ ഒട്ടിച്ചത്. ഈ വിലക്കിന് പിന്നിലെ കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. ഈ സംഭവം ചൈനീസ്, ജാപ്പനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിലെ ദേശീയവാദികള്‍ റെസ്റ്റോറന്റിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനീസ് സോഷ്യല്‍മീഡിയയില്‍ ഈ വിവേചനത്തിനെതിരെ നിരാശയും വിദ്വേഷവുമുയരുകയാണ്. പരുക്കരായ ഉപഭോക്താക്കാളേക്കാള്‍ മോശം പെരുമാറ്റമാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയ റസ്റ്റോറന്റിന്റേതെന്നും ദേശസ്‌നേഹത്തിന്റെ പേരില്‍ ഇത്തരത്തില്‍ വാദമുയര്‍ത്തി കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നത് മോശപ്പെട്ടകാര്യമാണെന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.