തിരുവനന്തപുരം: സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുടുംബാംഗങ്ങളുമായി മാനസികമായി അകല്‍ച്ചയിലായിരുന്നു. സഹോദരിയോട് വെറുപ്പായിരുന്നു. അമ്മയുമായി വൈകാരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ബന്ധുവായ അമ്മായി അവനെ അലോസരപ്പെടുത്തി . കുടുംബത്തിനുള്ളില്‍ ആശയവിനിമയം പോലും വളരെ മോശമായിരുന്നു. വീട്ടുകാരുമായി ഒരുമിച്ചിരുന്ന് ഇയാള്‍ ആഹാരം കഴിക്കാറുണ്ടായിരുന്നില്ല. വീട്ടുകാരുമായി സംസാരിച്ചിരുന്നത് ഫോണ്‍ മെസേജിലൂടെയായിരുന്നു.
‘നീ ഭക്ഷണം കഴിച്ചോ?’ പോലുള്ള ചോദ്യങ്ങള്‍ പോലും ടെക്സ്റ്റ് മെസ്സേജിലൂടെയാണ് കൈമാറിയിരുന്നതെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ പരിശോധിച്ച മനോരോഗവിദഗ്ധന്‍ ഡോ. മോഹന്‍ റോയ് പറയുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആസ്ട്രല്‍ പ്രൊജക്ഷന്‍ കഥ കെട്ടിച്ചമച്ചതാണെന്ന് കേഡല്‍ പിന്നീട് സമ്മതിച്ചു. വൈകാരികമായി പീഡിപ്പിക്കുന്ന, മദ്യപാനിയായ പിതാവിനോടുള്ള വെറുപ്പും കേഡല്‍ ജിന്‍സണ്‍ രാജ ഡോക്ടറോട് തുറന്നു പറഞ്ഞു.
കൊലപാതകശേഷം നാടുവിട്ട കേഡല്‍ ജിന്‍സണ്‍ രാജയെ 2017 ഏപ്രില്‍ 10 ന് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീട്ടുകാരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കാണിക്കാന്‍ കൊണ്ടു വന്നപ്പോള്‍, എന്തിനാണ് എന്നെ ഇവിടെ കൊണ്ടു വന്നതെന്നാണ് ഇയാള്‍ ശാന്തനായി പൊലീസിനോട് ചോദിച്ചത്.
ഒരു തരത്തിലുള്ള പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍, കേഡല്‍ ശാന്തനായിരുന്നുവെന്നും, ചോദ്യങ്ങള്‍ക്ക് സാധാരണ നിലയില്‍ ഉത്തരം നല്‍കിയെന്നും പൊലീസ് പറയുന്നു.പിന്നീടാണ് അയാളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകുന്നത്. ജയിലിലെ ഒരു സഹതടവുകാരനെ അയാള്‍ ആക്രമിച്ചു. തുടര്‍ന്ന് അയാളെ മനഃശാസ്ത്ര ചികിത്സയ്ക്ക് വിധേയനാക്കി. അയാളുടെ വിചിത്രമായ പെരുമാറ്റം രോഗാവസ്ഥയല്ല, പകരം കണക്കുകൂട്ടിയുള്ളതാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍.