ഡൽഹി: പിതാവിനെ ശത്രു കൊലപ്പെടുത്തുമ്പോൾ കൂടെയുണ്ടായിരുന്ന സ്വന്തം മകനടക്കം കൂറുമാറിയ കേസിൽ ആറ് പ്രതികളെ വെറുതെവിട്ട് സുപ്രീംകോടതി. ഇരയുടെ മകൻ ഉൾപ്പെടെ ഭൂരിഭാഗം സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രതികളെ വെറുതെവിട്ടത്. ‘പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോർത്തുളള ഹൃദയവേദനയോടെ പ്രതികളെ വെറുതെവിടുകയാണ്’ എന്നാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്.
കേസിൽ 87 സാക്ഷികളിൽ 71 പേരും മൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിട്ടയക്കാൻ വിധിക്കുകയായിരുന്നു. അതേസമയം പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച 2023 സെപ്റ്റംബറിലെ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.
വിചാരണാക്കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികൾ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ നൽകിയ മൊഴികൾ നിഷേധിക്കാനും അന്വേഷണ ഘട്ടത്തിൽ നടത്തിയ പ്രസ്താവനകൾ തളളിപ്പറയാനും സാക്ഷികൾ തയ്യാറായി എന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും ഇരയുടെ മകനടക്കം തന്റെ പിതാവിന്റെ കൊലയാളികളെ തിരിച്ചറിയാൻ അവസാന നിമിഷം സാധിക്കുന്നില്ലാ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2011 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് സഹോദരന്മാർ തമ്മിലുളള ശത്രുതയാണ് രാമകൃഷ്ണൻ എന്നയാളുടെ ജീവനെടുത്തത്. ഈ സഹോദരന്മാരിൽ ഒരാളുടെ കീഴിൽ ജോലി ചെയ്തിരുന്ന രാമകൃഷ്ണൻ അയാളുടെ ശത്രുവായ സഹോദരനൊപ്പം ചേർന്നതായിരുന്നു പകയ്ക്ക് കാരണം. ഏപ്രിൽ 28-ന് മകനോടൊപ്പം നടക്കാനിറങ്ങിയ രാമകൃഷ്ണനെ ആറംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു.