ഇസ്ലാമാബാദ്: ഇന്ത്യൻ സേന മൂന്ന് വ്യോമതാവളങ്ങൾ ആക്രമിച്ചതായി പാകിസ്ഥാൻ. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നടപടി. പാക് വ്യോമസേനയുടെ നൂർഖാൻ (ചക്ലാല, റാവൽപിണ്ടി), മുരീദ് (ചക്വാൽ), റഫീഖി (ഝാങ് ജില്ലയിലെ ഷോർക്കോട്ട്) എന്നീ വ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാൻ. കൂടാതെ വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതോടെ പാകിസ്ഥാൻ എല്ലാ വ്യോമഗതാഗതവും നിർത്തിവെച്ചു. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12 വരെ പാക് വ്യോമപാത അടച്ചതായി പാക് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഇന്ത്യ മൂന്ന് വ്യോമതാവളങ്ങളെ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇന്നു ഇസ്ലാമാദിൽ പുലർച്ചെ നാലുമണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യൻ സൈന്യം സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുലർച്ചെ 5.45ന് ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് രാവിലെ പത്തുമണിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
അതേസമയം പാകിസ്ഥാന്റെ സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലടക്കം ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായി. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ മിസൈൽ പദ്ധതിയും മറ്റ് തന്ത്രപ്രധാന ആസ്തികളും നിയന്ത്രിക്കുന്ന നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചുചേർത്തതായി സർക്കാർ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.