ന്യൂഡൽഹി: പാക് സേന ഇന്ത്യയിലേക്കു വർഷിച്ച ഡ്രോണുകളിൽ പലതും ആയുധമല്ലാത്തവയായിരുന്നെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും. ഇത്തരം ഡ്രോണുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധം പാക്കിസ്ഥാൻ പരീക്ഷിച്ചു നോക്കിയതാവാമെന്നാണ്. മാത്രമല്ല ചില ഡ്രോണുകൾ പാക്കിസ്ഥാനിലെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുക്കാൻ കഴിയുന്ന വിധത്തിൽ ക്യാമറകൾ ഘടിപ്പിച്ചവയായിരുന്നെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം നൂറുകണക്കിന് പാക് ഡ്രോണുകൾ വെടിവച്ചിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇവയെല്ലാം തടയുകയോ നിർവീര്യമാക്കുകയോ ചെയ്തു. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലായി ശ്രീനഗർ മുതൽ ജയ്‌സാൽമീർ, പത്താൻകോട്ട് വരെയുള്ള 36 പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെ രാത്രി വൈകി പാക്കിസ്ഥാൻ 300 മുതൽ 400 വരെ തുർക്കി ഡ്രോണുകൾ തൊടുത്തുവെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
ലഡാക്കിലെ സിയാച്ചിൻ ഗ്ലേസിയർ ബേസ് ക്യാമ്പിലും ഗുജറാത്തിലെ കച്ച് പ്രദേശത്തും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഏകദേശം 1,400 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളാണ്. ഇത് ആക്രമണത്തിന്റെ വ്യാപനം എത്രത്തോളമെന്ന് അടിവരയിടുന്നു. ഇതിൽ അമ്പത് ഡ്രോണുകൾ വ്യോമ പ്രതിരോധ തോക്കുകൾ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയെന്നും കേണൽ ഖുറേഷി പറഞ്ഞു. റേഡിയോ ഫ്രീക്വൻസികൾ ജാം ചെയ്തുകൊണ്ട് 20 എണ്ണം നിർവീര്യമാക്കി.
അതേസമയം നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ നഗ്‌നമായ ലംഘനമാണ് പാക്കിസ്ഥാൻ ഇന്നലെ നടത്തിയതെന്ന് കേണൽ ഖുറേഷി പറഞ്ഞു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെ തുടർച്ചയായ വെടിവയ്പ്പുകളും പീരങ്കി ഷെല്ലാക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു, ഇതിൽ ഒരു സൈനികൻ ഉൾപ്പെടെ 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നും കേണൽ ഖുറേഷി പറഞ്ഞു. ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, കോൺവെന്റുകൾ എന്നിവ ലക്ഷ്യമിടുന്നത് പാക്കിസ്ഥാനിൽ നിന്നുള്ള പുതിയ തരംതാഴ്ന്ന നടപടിയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പാക്കിസ്ഥാൻ ഇന്നലെ വ്യോമാതിർത്തി അടച്ചിട്ടില്ലെന്നും സിവിലിയൻ വിമാനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയെന്നും ഇവയെ കവചമാക്കി വ്യാഴാഴ്ച ഇന്ത്യൻ നഗരങ്ങളിൽ തുർക്കി നിർമ്മിത ഡ്രോണുകൾ വിക്ഷേപിച്ചതായും വിക്രം മിശ്രി പറഞ്ഞു.