ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും നേർക്കുനേർ. തീവ്രവാദി ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ചോദിച്ചു. ജമ്മുകശ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖർഗെ ചോദിച്ചു.
മാത്രമല്ല സുരക്ഷാ വീഴ്ച ഉണ്ടായിയെന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ സമ്മതിച്ചതാണ്. ഏപ്രിൽ 19-ലെ ജമ്മുകശ്മീർ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖർഗെ കൂട്ടിച്ചേർത്തു.
അതേസമയം ഖർഗെയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ്യം നിർണായകഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കോൺഗ്രസിന് പാക്കിസ്ഥാന്റെ ഭാഷയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോൺഗ്രസ് സേനയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്നും ബിജെപി വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഭീകരർ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ട് ഇന്റലിജൻസ് നൽകിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഓപ്പറേഷൻ ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേ ദിവസമാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ശ്രീനഗറിലെ ഹോട്ടലുകളിൽ താമസിക്കുന്ന വിനോദ സഞ്ചാരികൾക്കെതിരെ ആക്രമണമുണ്ടാകുമെന്ന സൂചനയായിരുന്നു ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. ആക്രമണ ഭീഷണി കണക്കിലെടുത്ത് ശ്രീനഗറിലെ ദാൽ തടാകത്തിലും മുഗൾ ഗാർഡനുകളിലും സുരക്ഷ ഒരുക്കിയിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഡിജിപി അടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥർ അവിടെ തമ്പടിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.