പാലക്കാട് : കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ, അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരണമെന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ. പാലക്കാട് ഡിസിസി ഓഫിസ് പരിസരത്താണ് സുധാകരൻ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. “പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം കെ സുധാകരൻ”, കെ.സുധാകരൻ ഇല്ലെങ്കിൽ മേഞ്ഞു നടക്കും സിപിഎം”, “കെ. സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽഡിഎഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിലുള്ളത്. കോൺഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്ന അഭ്യൂഹങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇന്നലെ കെ സുധാകരൻ അപ്രതീക്ഷിതമായി മാധ്യമങ്ങൾക്ക് പ്രത്യേകം അഭിമുഖങ്ങളനുവദിക്കുകയും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്നും അറിയിച്ചതോടെ കോൺഗ്രസ് നേതൃത്വവും വെട്ടിലായി. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുൻ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം. മാത്രമല്ല കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടിലും കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം. അധ്യക്ഷൻ്റ അനാരോഗ്യം സംഘടന സംവിധാനത്തിന് തിരിച്ചടിയാകുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സുധാകരനു പകരമായി കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണി വരാനാണ് സാധ്യത.