കൽപ്പറ്റ: വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി. അപകടം കണ്ടയുടൻ സംഘത്തിൽ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു. തുടർന്നു ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടർന്നത്. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് വരുമ്പോഴാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഇരയായവരുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി എം പി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും അവർക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കലക്ടറോട് ആവശ്യപ്പെട്ടു.