പാലക്കാട്: ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം വസ്ത്രം വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 26 ന് ഒറ്റപ്പാലത്തെ ലോലിപോപ്പ് ലേഡീസ് ടെക്സ്റ്റൈൽസിൽ നിന്നും ചുരിദാ൪ വാങ്ങിയെങ്കിലും ഷാൾ വെക്കാൻ മറന്നു. പിന്നാലെ ഇത് വാങ്ങാനെത്തിയപ്പോൾ ജീവനക്കാ൪ ഭാര്യയോട് മോശമായി പെരുമാറിയെന്നും ചോദ്യംചെയ്തപ്പോൾ തന്നെ മർദിച്ചെന്നുമാണ് മുസ്തഫ പറയുന്നത്.
മുസ്തഫയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യം പുറത്തുവന്നു. ഒരാളാണ് പ്രധാനമായും ആക്രമണം നടത്തിയത്. ഇയാളെ മറ്റ് ജീവനക്കാർ പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം. തലയ്ക്ക് പരിക്കേറ്റ മുസ്തഫ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുസ്തഫയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് ടെക്സ്റ്റൈൽസ് ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.