ചെന്നൈ: ഇനി മദ്യം വാങ്ങാൻ ആരും ദൃതിപിടിച്ച് മാഹിയിലേക്കു പോകണ്ട അവിടെയും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ലഫ്. ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടു കൂടി മാഹി ഉൾപ്പെടെയുളള പ്രദേശങ്ങളിൽ മദ്യവില ഉയരും.
പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിലാണ് തീരുവ കൂടുന്നതോടെ മദ്യവില കുത്തനെ ഉയരുന്നത്. തീരുവ വർധനയ്ക്ക് അനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യകമ്പനികളും വിൽപ്പനശാലകളുമാണ് തീരുമാനിക്കുക. ഒൻപതുവർഷത്തിനുശേഷമാണ് പുതുച്ചേരിയിൽ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നത്. തീരുവ വർധന നിലവിൽ വന്നാലും മദ്യവില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അതേസമയം സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച സാമൂഹിക ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് സർക്കാർ തീരുവ കൂട്ടുന്നത്. കുടുംബനാഥകൾക്കായുളള പ്രതിമാസ ധനസഹായം 2,500 രൂപയായി സർക്കാർ വർധിപ്പിച്ചിരുന്നു. വയോജന പെൻഷൻ തുകയും വർധിപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കു പുറമേ കോളേജ് വിദ്യാർത്ഥികൾക്കും ബസുകളിൽ സൗജന്യയാത്ര അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലമുണ്ടാകുന്ന അധിക ബാധ്യത തീരുവ വർധനയിലൂടെ പരിഹരിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തീരുവകൾ വർധിപ്പിച്ചതിലൂടെ 300 കോടി അധികം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.