വാഷിങ്ടൻ: ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ താൻ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷമാണെന്നും അത് അവർതന്നെ പരിഹരിക്കുമെന്നും ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘‘ഞാൻ ഇന്ത്യയുമായി വളരെ അടുത്തയാളാണ്, അതുപോലെ പാക്കിസ്ഥാനുമായും വളരെ അടുത്തയാളാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ കശ്മീരിൽ ആയിരം വർഷമായി പോരാടുന്നു. ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ, ഇന്ത്യയിലുണ്ടായതു ഭീകരാക്രമണമായിരുന്നു. 1,500 വർഷമായി ആ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവർ അത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ വലിയ സംഘർഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്’’– ട്രംപ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഭീകരാക്രമണത്തെ ഡോണൾഡ് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ ഇന്ത്യയ്ക്ക് പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.