തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകളെ തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾക്ക് ബോണറ്റ് നമ്പർ ഏർപ്പെടുത്തി ഗതാഗത വകുപ്പ്. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഡ്രൈവിങ് സ്കൂളുകളും തങ്ങൾക്ക് നൽകിയിട്ടുള്ള ലൈസൻസ് നമ്പറിന്റെ മുൻഗണനാ ക്രമപ്രകാരം നിശ്ചിത മാതൃകയിൽ വേണം ബോണറ്റ് നമ്പർ രേഖപ്പെടുത്താൻ. ഓരോ ഡ്രൈവിങ് സ്കൂളിനും വാഹനങ്ങളുടെ എണ്ണം അനുസരിച്ച് യഥാക്രമം ഒന്നുമുതലാണ് നമ്പറുകൾ അനുവദിക്കുക.
ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ ബോണറ്റിൻ്റെ മധ്യഭാഗത്തും പിൻ ഭാഗത്ത് പിന്നിൽ നിന്ന് വ്യക്തമായി കാണത്തക്ക വിധത്തിൽ ഡി ക്കി ഡോറിന്റെ മധ്യഭാഗത്തും നമ്പർ പ്രദർശിപ്പിക്കണം. ഹെവി വാ ഹനങ്ങളിൽ മുൻവശത്ത് വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തും പിന്നിൽ റിയർ വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തുമായി പ്രദർശിപ്പിക്കണം.
മോട്ടോർ സൈക്കിളുകളിൽ ഇന്ധന ടാങ്കിന്റെ ഇടതു വശത്ത് പുറമേ നിന്ന് വ്യക്തമായി കാണത്തക്ക വിധമാണ് പ്രദർശിപ്പിക്കേണ്ടത്. ഗിയറില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ മുൻഭാഗത്തെ രജിസ്ട്രേഷൻ പ്ലേറ്റിന് തടസമുണ്ടാകാത്ത രീതിയിലും പുറത്തുനിന്ന് വ്യക്തമായി കാണുന്ന വിധത്തിലുമാണ് നമ്പർ പ്രദർശിപ്പിക്കേണ്ടതാണ്.