ബംഗളൂരു: ക്ലാസ് ടീച്ചർ വിദ്യാർത്ഥിനിയുടെ പിതാവിനോട് പ്രണയം നടിച്ച് ബന്ധം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. സംഭവം കേസായതിനെ തുടർന്ന് അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ൽ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദം തുടരുകയും പുതിയ ഫോണും സിം കാർഡും ഉപയോഗിച്ച് മെസേജും വിഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ശ്രീദേവി പരാതിക്കാരനിൽനിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു. ജനുവരിയിൽ 15 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ തയാറായില്ല. ഇതോടെ 50,000 വാങ്ങാനെന്ന വ്യാജേന ശ്രീദേവി പരാതിക്കാരന്റെ വീട്ടിലെത്തി. ഇതിനിടെ ബിസിനസ് തകർന്നതിനെ തുടർന്ന് ഗുജറാത്തിലേക്ക് താമസം മാറാൻ പരാതിക്കാരനും കുടുംബവും താമസിക്കുകയും കുട്ടിയുടെ വിടുതൽ സർട്ടിഫിക്കറ്റിനായി സ്കൂളിലെത്തുകയും ചെയ്തു.
സ്കൂളിലെത്തിയ പരാതിക്കാരനെ ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന ഗണേഷ് കാലെ (38), സാഗർ (28) എന്നിവരുമായി ചേർന്ന് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം ആവശ്യപ്പെട്ടത്. 15 ലക്ഷം തരാമെന്ന് സമ്മതിച്ച പരാതിക്കാരൻ 1.9 ലക്ഷം രൂപ ഇവർക്ക് നൽകുകയും ചെയ്തു. പിന്നീട് ശ്രീദേവി ഫോണിൽ വിളിച്ച് 5 ലക്ഷം രൂപ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനും ഓരോ ലക്ഷം രൂപ വീതം സാഗറിനും ഗണേഷിനും ബാക്കി 8 ലക്ഷം തനിക്കും നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിക്കുന്നത്. ശ്രീദേവിക്കൊപ്പം സാഗറും ഗണേഷും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Bengaluru Teacher Arrested For Extortion After Affair With Student’s Father
Teachern Arrest Police Crime Branch India News