കോഴിക്കോട്: താമരശ്ശേരി ഷിബില കൊലപാതകത്തിൽ പ്രതി യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. പ്രതിഷേധം കണക്കിലെടുത്ത് കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ തെളിവെടുപ്പ് ഒഴിവാക്കിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 29 വരെയാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടതെങ്കിലും നാല് ദിവസത്തിനകം പോലീസ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കുകയായിരുന്നു.
അതേസമയം പ്രതിയെ കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല. പ്രതിഷേധം മുൻകൂട്ടി കണ്ടാണ് വീട്ടിലെ തെളിവെടുപ്പ് ഒഴിവാക്കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നും പോലീസ് വ്യക്തമാക്കി. തന്റെ കൂടെ പോരാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് യാസിർ പറയുന്നത്.
ഷിബിലയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആദ്യം എത്തിയ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ ബങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് പരസരത്തും എത്തിച്ച് ആദ്യം ദിവസം തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടത്തുന്നതിനായി കത്തി വാങ്ങിയ വെസ്റ്റ് കൈതപ്പൊയിലിലെ മിനി സൂപ്പർ മാർക്കറ്റിലെത്തിച്ചും തെളിവെടുത്തു. കടയിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പിന്നീട്കസ്റ്റഡി കാലാവധി തീരാൻ രണ്ട് ദിവസംകൂടി ബാക്കിയിരിക്കെ പ്രതിയെ തിരിച്ച് കോടതിയിലെത്തിച്ചു.