കൊച്ചി: ലിയോണൽ മെസി നയിക്കുന്ന അർജൻറീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. 14 വർഷങ്ങൾക്ക് ശേഷം പ്രദർശന ഫുട്ബോൾ മത്സരത്തിൽ കളിക്കാനായാണ് അർജൻറീന ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിൽ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു.
ഇതിനു മുൻപ് 2011ലാണ് ഇതിന് മുമ്പ് അർജൻറീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അർജൻറീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ അർജൻറീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷെ വിദേശ ടീമിനെ തന്നെ എതിരാളികളാക്കാനാണ് ആലോചിക്കുന്നതെന്നാണ് അറിയുന്നത്.
2022ൽ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജൻറീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അർജൻറീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സർക്കാർ അർജൻറീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. അർജൻറീന കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവായിരുന്നു സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളി.
എന്നാൽ ഇതിനു പ്രതിവിധിയായി എച്ച്എസ്ബിസി പ്രധാന സ്പോൺസർമാരായി എത്തിയതോടെ അർജൻറീന ടീമിനെ കേരളത്തിൽ കളിപ്പിക്കുമെന്ന കായിക മന്ത്രി വി അബ്ദുറഹിമാൻറെ വാക്കുകൾ കൂടിയാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഇന്ന് നടന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന 2026ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം. സൂപ്പർ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും സർവാധിപത്യം പുലർത്തിയാണ് അർജന്റീന ജയിച്ചു കയറിയത്.