ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം കഴിഞ്ഞിട്ട് പല മത്സരങ്ങൾ അരങ്ങേറിയെങ്കിലും വിഗ്നേഷ് പുത്തൂർ ഇഫക്ട് മാറാതെ സോഷ്യൽ മീഡിയ. മലയാളി പയ്യന്റെ വെടിക്കെട്ടിനു തിരികൊളുത്തിയുള്ള കടന്നുവരവോടെ മുംബൈ ഇന്ത്യൻസിൽ ആരുടെയെല്ലാം സ്ഥാനമിളകുമെന്ന് കാത്തിരുന്നു കാണാം. എന്നാൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകന് കളത്തിലിറങ്ങാനുള്ള വിദൂര സാധ്യത മാത്രമാക്കിക്കളഞ്ഞു വിഗ്നേഷിന്റെ ഉദയം.
മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിംഗ്സ് അവസാന ഓവറിലേയ്ക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ ജയിച്ചുകയറിയെങ്കിലും ആ ജയത്തെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു അരങ്ങേറ്റ മത്സരത്തിൽ തന്നെ ചെന്നൈ പോലെയൊരു ടീമിനെ മുൾമുനയിൽ നിർത്തിയ പെരിന്തൽമണ്ണക്കാരനായ ആ 24 കാരൻ.
കളിയുടെ ആരംഭം മുതൽ മികച്ച ഫോമിലായിരുന്ന ചെന്നൈ നായകൻ റിതുരാജ് ഗെയ്ക്വാദിനെ മടക്കിയയച്ച് ഐപിഎല്ലിലെ ആദ്യ വിക്കറ്റ് നേടിയ വിഘ്നേഷ് മലയാളിയാണെന്നത് കേരളത്തിനാകെ അഭിമാനമായി മാറി. എന്നാൽ പിന്നീടങ്ങോട്ട് വേട്ട ആരംഭിക്കുകയായിരുന്നു വിഘ്നേഷ്. തന്റെ രണ്ടാം ഓവറിൽ അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വിഘ്നേഷ് മടക്കിയയച്ചു. ചെന്നൈ അനായാസമായി ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറിലേയ്ക്ക് നീളാൻ കാരണം വിഘ്നേഷിന്റെ മാസ്മരിക ബൗളിംഗ് പ്രകടമായിരുന്നു. മത്സര ശേഷം മഹേന്ദ്ര സിംഗ് ധോണി വിഘ്നേഷിനെ തോളിൽ തട്ടി അഭിനന്ദിക്കുന്ന കാഴ്ചയും കാണാമായിരുന്നു.
ചെന്നൈയ്ക്ക് എതിരായ ഒറ്റ മത്സരത്തോടെ വിഘ്നേഷ് വരും മത്സരങ്ങളിലും ടീമിൽ സ്ഥാനമുറപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഒരറ്റത്ത് വിഘ്നേഷ് കത്തിക്കയറുമ്പോൾ മുംബൈ ടീമിൽ മറ്റൊരു താരത്തിന്റെ സ്ഥാനത്തിനാണ് വലിയ കോട്ടം തട്ടുന്നത്. മറ്റാരുമല്ല, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർക്ക്. സച്ചിൻ ബാറ്റ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോൾ മകൻ പോയത് ബൗളിംഗിലേക്കായിരുന്നു. ഇടംകയ്യൻ മീഡിയം പേസ് ബൗളറായ അർജുന് പക്ഷേ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല. ശരാശരി 130 കി.മീ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാൻ പോലും അർജുന് സാധിക്കാത്തതാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ശരാശരി പ്രകടനം മാത്രമാണ് അർജുനിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തന്നെ മുംബൈയുടെ ആഭ്യന്തര ടീമിൽ നിന്ന് അർജുനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതുവരെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 5 മത്സരങ്ങൾ കളിച്ച അർജുന് ആകെ നേടാനായത് 13 റൺസും 3 വിക്കറ്റുകളും മാത്രമാണ്. അതിനാൽ തന്നെ അർജുനെ ഉപയോഗിച്ച് ഇനി പരീക്ഷണങ്ങൾക്ക് മുംബൈ തയ്യാറാകാനുള്ള സാധ്യത വിദൂരമാണ്. ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല. അതിനാൽ തന്നെ ചെന്നൈയ്ക്ക് എതിരായ മത്സരത്തിൽ ബെഞ്ചിലായിരുന്ന അർജുന് വരും മത്സരങ്ങളിലും ടീമിലിടം ലഭിക്കാൻ സാധ്യത കുറവാണ്. മുംബൈ ഇന്ത്യൻസ് അർജുനെ കൈവിട്ടാൽ താരത്തിന്റെ ക്രിക്കറ്റ് കരിയറിനെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. അതേസമയം അർജുനെ തന്റെ അടുത്തെത്തിച്ചാൽ പ്രതിഭമുറ്റിയ നല്ലൊരു ബാറ്ററാക്കാമെന്ന അവകാശ വാദവുമായി മുൻ ഇന്ത്യൻ താരം രംഗത്തെത്തിയിരുന്നു. അർജുന് ബോളിംഗിനേക്കാൾ ബാറ്റിംഗാണ് വശമെന്നായിരുന്നു മുൻതാരത്തിന്റെ കണ്ടെത്തൽ.