റോഹ്‌തക്ക്: ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ വീട്ടുടമയും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനെ ജീവനോടെ കുഴിച്ചുമുടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബാബ മസ്തനാഥ് സർവകലാശാലയിലെ യോഗ അദ്ധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്‌തക്കിലാണ് സംഭവം. കേസിൽ വീട്ടുടമയായ ഹർദീപും സുഹൃത്തുക്കളിലൊരാളായ ധരംപാലുമാണ് പിടിയിലായത്. ഹർദീപിന്റെ ഭാര്യയുമായി ജഗ്ദീപിന് വഴിവിട്ട ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.
2024 ഡിസംബറിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. പ്രദേശത്തെ ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് പ്രതികൾ യുവാവിനെ കുഴിച്ചിട്ടത്. ചർഖി ദാദ്രിയിലെ പാന്താവാസ് ഗ്രാമത്തിൽ വച്ച് ജോലിക്കാരുടെ സഹായത്തോടെ ഹർദീപ് കുഴിയെടുത്തിരുന്നു. കുഴൽ കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹർദീപ് പറഞ്ഞിരുന്നത്. പിന്നീട് ഡിസംബർ 24ന് ഹർദീപും സുഹൃത്തുക്കളും ചേർന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഴിയിലിടുന്നതിന് മുൻപ് പ്രതികൾ ജഗ്ദീപിന്റെ കൈകാലുകൾ കെട്ടിയിട്ടിരുന്നു. കുഴിയുടെ അടുത്തെത്തിയ ശേഷമാണ് ഇവർ ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടാൻ തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാൻ ജഗ്ദീപിന്റെ വായ ടേപ്പു ഉപയോഗിച്ച് മൂടിയിരുന്നു.
പിന്നീട് ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ജഗ്ദീപ് നടത്തിയ ഫോൺ കോളുകളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഒടുവിൽ ഹർദീപും ധരംപാലും അറസ്റ്റിലാകുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചു. മാർച്ച് 24നാണ് ജഗ്ദീപിന്റെ മൃതദേഹം പുറത്തെടുത്തത്. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്.