തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്രചെയ്യവേ സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ച് റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ അതേ ലോറിയുടെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. ചെറിയതുറ ലൂർദ് മാതാ നഗർ കുരിശടിവിളാകത്ത് ബീസ് ഡെയിലിൽ ജോസ് ബെർണാഡിന്റെ ഭാര്യ ഷീല എന്ന മാഗ്ലീൻ ജോസ് ( 55) ആണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വെളളാർ ജങ്ഷന് സമീപം വെളളിയാഴ്ച ഉച്ചയ്ക്ക് 12.20- ഓടെയാണ് അപകടം. ഡ്രൈവറെയും ടിപ്പർ ലോറിയെയും തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം തുറമുഖത്ത് കല്ലിറക്കിയശേഷം നഗരഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് അപകടത്തിനിടയാക്കിയത്. ടിപ്പറോടിച്ചിരുന്ന ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മുട്ടത്തറ ഗവ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കഫറ്റേരീയ നടത്തിപ്പുകാരിയായിരുന്നു മരിച്ച മാഗ്ലിൻ.
വിഴിഞ്ഞം മുല്ലൂരിലുളള ഹോമിയോ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ ചെറിയതുറയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈസമയം വെളളാർ ജങ്ഷൻ കഴിഞ്ഞ് മുന്നോട്ടുപോകുമ്പോൾ പുറകെ വരുകെയായിരുന്ന ടിപ്പർ ലോറി ഇവരുടെ സ്‌കൂട്ടറിന് പിന്നിൽ ഇടിച്ചുതെറിപ്പിച്ചു. ഇതോടെ റോഡിൽ തെറിച്ചുവീണ മാഗ്ലിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. മാഗ്ലിൻ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
അതേസമയം സ്‌കൂട്ടറിനൊപ്പം ലോറിയുടെ വലതുഭാഗത്ത് വീണതിനാൽ നിസാര പരുക്കുകളോടെ ഭർത്താവ് ജോസ് ബെർണാഡ് രക്ഷപ്പെട്ടു. അപകടമറിഞ്ഞ് കൗൺസിലർ പനത്തുറ ബൈജു, കോവളം എസ്‌ഐ ഡിപിൻ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിജോയ് ജോസ് (ലുലുമാൾ), ബിനോയ് ജോസ് (ദുബായ്) എന്നിവരാണ് മാഗ്ലിന്റെ മക്കൾ. സംസ്‌ക്കാരം പാറ്റുർ സെന്റ്പീറ്റേഴ്സ് പളളിയിൽ ശനിയാഴ്ച വൈകിട്ട് നാലിന് നടക്കും.