കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണവുമായി ഹൈക്കോടതി. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടീയ രസീത് ഉപയോഗിച്ച് മാത്രമേ വിശ്വാസികളില്‍ നിന്ന് പിരിവ് നടത്താവൂ എന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങി. ബെഞ്ച് ഉത്തരവിട്ടു. ഉത്സവങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലുള്ള ക്ഷേത്രോപദേശക സമിതിക്ക് പിരിവ് നടത്താം. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് സീല്‍ ചെയ്ത് വാങ്ങിവേണം പിരിവ് നടത്താന്‍. പിരിച്ചുകിട്ടിയ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ഉത്സവ ആവശ്യങ്ങള്‍ക്ക് ഇതില്‍ നിന്ന് വേണം പണം ചെലവഴിക്കാനെന്നും കോടതി നിര്‍ദേശിച്ചു.