ന്യൂഡൽഹി: കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.കൂടാതെ കേരളത്തിനെതിരെ രാജ്യസഭയിൽ രൂക്ഷ വിമർശനവുമാണ് ധനമന്ത്രി നടത്തിയത്. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്ന് മന്ത്രി ആരോപിച്ചു.
കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് 2 ദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ നിന്നുള്ളയാളാണ് താനെന്നും പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് അവര്‍ പറഞ്ഞു.
നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
അതേസമയം റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.