തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ തെളിവെടുപ്പിനു കൊണ്ടുവന്ന അഫാനെക്കണ്ട് നീറുന്ന നെഞ്ചുമായി പിതാവ് അബ്ദുൽ റഹീം. തെളിവെടുപ്പിനായി അഫാനെക്കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച. വാഹനം മുന്നോട്ടെടുക്കുംവരെ, അവിടെ ഒരു കടയുടെ പുറത്തുനിന്ന് റഹീം ജീപ്പിലിരിക്കുന്ന മകനെ നോക്കിനിന്നു.
അഫാനെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെയാണ് ജീപ്പ് സിഗ്നലിൽ കുടുങ്ങിയത്. ഈ സമയത്ത് പിതാവ് റഹീമും സുഹൃത്തും ജീപ്പ് നിൽക്കുന്നതിന്റെ എതിർവശത്തെ ‘ആണ്ടവർ സ്റ്റോഴ്‌സ് പാത്രക്കട’യുടെ മുന്നിലെത്തി മകനെക്കാണുകയായിരുന്നു. സിഗ്നലിൽനിന്ന് ജീപ്പ് അനങ്ങുംവരെ മകനെ നോക്കിനിന്നു. വാഹനം മുന്നോട്ടെടുത്ത ശേഷമാണ് റഹീമും സുഹൃത്തും അവിടെനിന്ന് നടന്നുപോയത്.
അതേസമയം അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും റഹീം നേരത്തേ പറഞ്ഞിരുന്നു. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോവാൻ കഴിയുന്നില്ലെന്നും റഹീം പറഞ്ഞു. ആശുപത്രി വിട്ട ഭാര്യ ഷെമിക്കൊപ്പം അഗതി മന്ദിരത്തിലാണ് റഹീം ഇപ്പോൾ താമസിക്കുന്നത്. കേസിന്റെ മൂന്നാംഘട്ട തെളിവെടുപ്പിനായാണ് അഫാനെ ഇന്ന് വീട്ടിലെത്തിച്ചത്.
ഈ തെളിവെടുപ്പ് കൂടി പൂർത്തിയാവുന്നതോടെ കൂട്ടക്കൊലപാതകക്കേസിലെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും. ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടർന്ന് അഫാൻ അഞ്ച് ക്രൂര കൊലപാതകങ്ങൾ നടത്തിയത്. വയോജന കേന്ദ്രത്തിൽ സംരക്ഷണത്തിൽ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയെ അന്വേഷണസംഘം സന്ദർശിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല, ഒരാഴ്ചകൂടി കഴിഞ്ഞ് മാത്രമേ ഷെമിയുടെ വിശദമായ മൊഴിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ പറഞ്ഞു.