തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു പിടികൂടി. മയങ്ങിയ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണുവെങ്കിലും കടുവയെ വലയിലാക്കി. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തിൽ തേക്കടിയിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് ചികിത്സ നൽകാനാണ് തീരുമാനം.
ജനവാസകേന്ദ്രത്തിലെത്തിയ കടുവയെ രണ്ടുദിവസമായി മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിൽ, കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതായി തിരിച്ചറിഞ്ഞു. തുടർന്ന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഞായറാഴ്ച ഏറെ വൈകിയും വനപാലകർ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനാകാതെവന്നതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പുലർച്ചെ തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കടുവ കൊന്നത്.
പിന്നീട് രാവിലെതന്നെ വനംവകുപ്പ് സംഘം സ്ഥലത്തേക്ക് എത്തിയശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെമുതൽത്തന്നെ ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺകുമാർ, ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, എൽ.ആർ. തഹസിൽദാർ എസ്.കെ. ശ്രീകുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. ഹരിലാൽ, ബെന്നി ഐക്കര എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പുസംഘം സ്ഥലത്ത് ക്യാമ്പു ചെയ്തായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.