കൊച്ചി: മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരത്തിന്റെ പിആർ ടീം. എല്ലാ ഊഹോപാഹങ്ങളും അടിസ്ഥാന രഹിതമാണ്. മമ്മൂട്ടി പൂർണമായും സുഖമായിരിക്കുന്നുവെന്നും പിആർ ടീം സ്ഥിരീകരിച്ചു.
73കാരനായ താരത്തിന് കാൻസർ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിൻമാറിയതായും ആശുപത്രിയിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുന്നു, പുറത്തുവരുന്നത് വ്യാജവാർത്തയാണ്. റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണ്, അതിനാലാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് മടങ്ങുമെന്നും പിആർ ടീം മിഡ്‌ഡേ പത്രത്തോട് വ്യക്തമാക്കി.
അതേസമയം മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചിത്രം ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഒരു ആക്ഷൻ ത്രില്ലറാണ് ബസൂക്ക.