കൊല്ലം: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം കൊല്ലം കുന്നിക്കോടുനിന്നു കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂരിൽനിന്ന് രാവിലെ വീട്ടിലേക്കു വിളിച്ചു. സഹോദരൻ തിരൂരിൽ പഠിക്കുന്നുണ്ട്. അവിടേക്കാണ് പെൺകുട്ടി പോയതെന്നാണ് വിവരം.
ട്രെയിനിൽ കയറാനെത്തിയ ഒരു സ്ത്രീയുടെ ഫോണിൽനിന്ന് മകൾ തങ്ങളെ വിളിച്ചതെന്ന് പിതാവ് പറഞ്ഞു. കുട്ടി സുരക്ഷിതയാണെന്നും ആർപിഎഫുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെൺകുട്ടിയെ കാണാതായതെങ്കിലും പോലീസിൽ പരാതി ലഭിച്ചത് വൈകിട്ട് ആറരയോടെയാണ്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോയതെന്നാണ് വിവരം.