മുംബൈ: ഇന്ത്യുടെ ഇപ്പോഴുള്ള ഫോം വച്ച് ഇന്ത്യയുടെ ബി ടീമിനു വരെ പാക്കിസ്ഥാന്റെ പ്രധാന ടീമിനെ തോൽപിക്കാനാകുമെന്ന സുനിൽ ഗാവസ്കറുടെ വിമർശനത്തിനെതിരെ പാക്കിസ്ഥാന്റെ മുൻ പരിശീലകൻ ജേസൺ ഗില്ലെസ്പി രംഗത്ത്. സുനിൽ ഗാവസ്കർ പറയുന്ന കാര്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നാണ് ഗില്ലെസ്പിയുടെ നിലപാട്. കൃത്യമായ താരങ്ങളെ ടീമിലേക്കു തിരഞ്ഞെടുക്കുകയാണെങ്കിൽ ലോകത്തെ ഏതു കരുത്തരെയും മുട്ടുകുത്തിക്കാ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു സാധിക്കുമെന്നും ഓസ്ട്രേലിയയുടെ മുൻ താരം കൂടിയായ ഗില്ലെസ്പി വ്യക്തമാക്കി.
അതേസമയം ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങൾ തോറ്റ പാക്കിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ ഇരു ടീമുകളുടേയും നിലവിലെ ഫോം വിലയിരുത്തിയായിരുന്നു ദിവസങ്ങൾക്കു മുൻപ് സുനിൽ ഗാവസ്കർ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. ഇന്ത്യയുടെ ബി ടീമിനെ പോലും തോൽപിക്കാൻ പാക്കിസ്ഥാൻ ടീം ശരിക്കും ബുദ്ധിമുട്ടുമെന്നും, സി ടീമിന്റെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും അതും പാക്കിസ്ഥാനു വെല്ലുവിളിയാകുമെന്നുമായിരുന്നു ഗാവസ്കറുടെ വിമർശനം. ‘‘പാക്കിസ്ഥാന്റെ പ്രധാന ടീമിനെ ഇന്ത്യയുടെ ബി, സി ടീമുകൾ തോൽപിക്കുമെന്ന ഗാവസ്കറുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. തീർത്തും അസംബന്ധമായ കാര്യമാണത്.’’– ഗില്ലെസ്പി വ്യക്തമാക്കി.
‘‘പാക്കിസ്ഥാൻ ശരിയായ താരങ്ങളെ തിരഞ്ഞെടുത്ത്, അവർക്കു കൃത്യമായ സമയം അനുവദിച്ചാൽ ആ ടീം ആരെയും തോൽപിക്കും. എനിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ ആളുകൾക്ക് ഒട്ടും ക്ഷമയില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മികച്ച താരങ്ങളെ ടീമിലെത്തിച്ചാലും അവർക്ക് ആവശ്യത്തിനു സമയം കൂടി നൽകണം. എന്നാൽ മാത്രമെ ഉദ്ദേശിച്ച ഫലം ലഭിക്കൂ.’’– ഗില്ലെസ്പി പ്രതികരിച്ചു.