മലയാള സിനിമാസംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മലയാളികളുടെ സ്വന്തം അല്ലി അശ്വിനി നമ്പ്യാർ (രുദ്ര). ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വിനി നമ്പ്യാർ വെളിപ്പെടുത്തൽ. മുൻപും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചു പരിചയമുള്ളതുകൊണ്ടാണ് എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് ചെന്നത്. റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തു എന്നും തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ല എന്നും ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ അശ്വനി പറയുന്നു. അമ്മയോടു പറഞ്ഞ താൻ പിന്നീട് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും നടി പറയന്നു.
മണിച്ചിത്രത്താഴ്, ധ്രുവം, ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം– തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആമസോൺ പ്രൈമിൽ സുഴൽ സീരീസിന്റെ രണ്ടാം ഭാഗത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
അന്നുനടന്ന സംഭവത്തെക്കുറിച്ച് അശ്വനി നമ്പ്യാരിന്റെ വാക്കുകൾ ഇങ്ങനെ-
‘‘ഒരു മലയാള സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷമാണ് ഞാൻ ഇക്കാര്യത്തെ കുറിച്ചു ഒരു ടെലിവിഷൻ ഷോയിൽ സംസാരിച്ചത്. അതായിരിക്കും നിങ്ങൾ കണ്ടത്. അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം.
അയാൾ വലിയൊരു സംവിധായകനാണ്. എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് ഓഫിസിലേക്ക് വരാൻ ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ ഒപ്പമുണ്ടാകാറുണ്ട്. അമ്മയാണ് എന്റെ ശക്തി. അമ്മ ഒപ്പമുണ്ടെങ്കിൽ നൂറു ആണുങ്ങൾ ഒപ്പമുള്ളത് പോലെ ആണ്. അയൺ ലേഡി എന്ന് പറയുന്നതാകും ശരി. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. കോസ്റ്റ്യൂം ഇട്ടുനോക്കാനോ മറ്റോ ആണ് സംവിധായകൻ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചത്. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, ‘എനിക്ക് നല്ല സുഖമില്ല, നീ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ’ എന്ന്.
ആ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. ഓഫിസിലിരുന്ന് ചർച്ച ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ സർ മുകളിലുണ്ട്, അവിടെയിരുന്ന് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫിസിൽ നിന്നു പറഞ്ഞു. കൂടെ വന്ന ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചപ്പോൾ അവർക്ക് വരാൻ അസൗകര്യമുണെന്നും എന്നോടു പൊയ്ക്കോളൂ എന്നും പറഞ്ഞു. ഞാൻ അന്ന് ടീനേജറാണ്. ഞാൻ ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെ സംവിധായകന്റെ മുറിയുടെ അരികിലെത്തിയത്. പക്ഷേ, അവിടെ ആരെയും കണ്ടില്ല. ബെഡ് റൂമിൽ നിന്നും അകത്തേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഞാൻ റൂമിലേക്ക് കയറി. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാൻ ചെയ്തിട്ടുണ്ട്. മലയാളം സിനിമയായിരുന്നു.
അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോൾ കയറി ചെന്നു. ഒരു നിഷ്കളങ്കയായ ടീനേജറായാണ് ഞാൻ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാൾ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാൻ ആയിരുന്നില്ല. അവിടെ എന്ത് നടന്നതെന്ന് എനിക്ക് മനസിലാക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത് എന്റെ തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്, അതോ ഇത് ചെയ്യാൻ അവസരം ഉണ്ടാക്കിയത് ഞാൻ ആണോ എന്നൊക്കെയുള്ള സംശയം പോലും എനിക്ക് തോന്നി.
താഴെ എത്തിയപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് വീട്ടിൽ പോകണം. അവർ എന്നെ വീട്ടിലേക്ക് അയച്ചു. വീട്ടിൽ എത്തിയതിന് ശേഷം ഞാൻ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. ഇത് എങ്ങനെ അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും കാലം എന്റെ ബോഡി ഗാർഡ് പോലെ നിന്ന് എന്നെ സംരക്ഷിച്ചത് അമ്മയാണ്. ഒടുവിൽ നടന്നകാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാൻ കാരണമാണല്ലോ നിനക്ക് ഇങ്ങനെ വന്നത് എന്ന് പറഞ്ഞ് അമ്മ പൊട്ടിക്കരയാൻ തുടങ്ങി. അമ്മയുടെ മുന്നിൽ ഞാൻ തോറ്റുപോയി, അമ്മയല്ല ഞാൻ ആണ് കാരണം എന്ന ചിന്തകൾ മനസ്സിൽ വന്നു.
അമ്മയെ ഞാൻ വിഷമിപ്പിച്ചു, ഞാൻ ആണ് ഇതിനെല്ലാം കാരണം എന്ന തോന്നലിൽ മരിക്കാൻ തീരുമാനിച്ചു. അന്ന് രാത്രി ഞാൻ ഉറക്കഗുളികകൾ കഴിച്ചു. ആ സമയത്ത് എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ല. അവർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തി. അതിന് ശേഷം അമ്മ എന്നോട് പറഞ്ഞു, ഇത് എന്റെ തെറ്റല്ല, അത് ആദ്യം മനസ്സിലാക്കൂ എന്ന്. ‘ഇത് നീ കാരണം അല്ല, അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അത് അയാളുടെ തെറ്റാണ്. നീ ഇല്ലാതെ ഞാൻ ജീവിച്ചിരിക്കില്ല. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്’ എന്നു പറഞ്ഞു. അയാൾ ഒരു യുവാവൊന്നുമല്ല, എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു. അത് എനിക്കൊരു പാഠമായിരുന്നു. അമ്മയുടെ വാക്കുകൾ എനിക്ക് ശക്തി പകർന്നു. ആ സംഭവം എന്നെ കൂടുതൽ കരുത്തയാക്കി. ഞാൻ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. പിന്നീട് ഞാൻ അമ്മയെ കൂട്ടാതെ ആണ് പോയത്. കാരണം എല്ലാം നേരിടാൻ ഞാൻ മതി, എനിക്ക് ധൈര്യമുണ്ട് എന്ന് ഞാൻ തീരുമാനിച്ചു. ആ സംഭവത്തിന് ശേഷമാണ് എനിക്ക് ധൈര്യം ഉണ്ടായത്.”
അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും അശ്വനി മനസ്സു തുറന്നു. “എന്നെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുണ്ടായിരുന്നു, മകൾ കോളജിൽ ആയി, ഇപ്പോൾ ആണ് കറക്റ്റ് സമയം. വിവാഹത്തിനു ശേഷം അഭിനയിക്കില്ല എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞു പോകുമ്പോൾ പതിയെ തിരിച്ചു വരാം എന്നാണു കരുതിയത്. ചെന്നൈയിൽ ആണ് എന്റെ മനസ്സ്. ലോകത്ത് എവിടെ പോയാലും എനിക്ക് ചെന്നൈയിലേക്ക് തിരിച്ചു വരണം എന്നാണ് ആഗ്രഹം. വർഷത്തിൽ ആറു പ്രാവശ്യം ഞാൻ ചെന്നൈയിൽ വന്നിട്ട് പോകുമായിരുന്നു. ഞങ്ങൾ പതിയെ ചെന്നൈയിലേക്ക് തന്നെ വരുമെന്ന് എനിക്കും എന്റെ ഭർത്താവിനും അറിയാമായിരുന്നു. അഭിനയം എന്റെ പാഷനാണ്, പ്രഫഷനല്ല, എന്നെങ്കിലും ഞാൻ തിരിച്ചു വരുമെന്ന് ഉറപ്പോടുകൂടിയാണ് പോയത്.
സിംഗപ്പൂരിൽ താമസിച്ചുകൊണ്ട് ചെന്നൈയിൽ വന്നു അഭിനയിക്കുക എളുപ്പമല്ല. അതുകൊണ്ട്, കുഞ്ഞുണ്ടായി അവൾ മുതിർന്നതിനു ശേഷം വരാം എന്നു കരുതി. അങ്ങനെ വളരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. അവിടെ പോയതിനു ശേഷം ഞാൻ ഇംഗ്ലിഷിൽ മാസ്റ്റേഴ്സ് ചെയ്തു. അവിടെ ഒരു കോളജിൽ 13 വർഷമായി അധ്യാപികയായി ജോലി നോക്കുന്നു. എന്റെ പാഷനും ആ ജോലിക്കും ഒരു ബന്ധവും ഇല്ല എന്ന് എനിക്കറിയാം. അവിടെയും ചാനലുകളിൽ ഞാൻ പ്രോഗ്രാം ചെയ്തിരുന്നു. പക്ഷേ, ഇവിടെ കിട്ടുന്ന അവസരങ്ങൾ ഒന്നും അവിടെ കിട്ടില്ല. എന്റെ മകൾ കോളജിൽ പോയി തുടങ്ങി. കഴിഞ്ഞ വർഷം എനിക്ക് തോന്നി ഇതാണ് കറക്റ്റ് സമയം, ഇത്രയും നാൾ ഞാൻ എന്റെ കുടുംബത്തെ നോക്കി കഴിഞ്ഞു. ഇനി എന്റെ പാഷൻ പിന്തുടരാം! അങ്ങനെയാണ് ഞാൻ ചെന്നൈയിലേക്ക് തിരിച്ചു വന്നത്.
തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്ത് ദൈവം കൊണ്ടുവന്നതുപോലെയാണ് ഒരു പ്രോജക്റ്റ് എന്നെ തേടി വന്നത്. ആമസോൺ പ്രൈമിലെ സീരീസായ സുഴലിന്റെ രണ്ടാം ഭാഗത്തിലാണ് അഭിനയിക്കുന്നത്. സുഴൽ ഒന്നാം ഭാഗം വളരെ ഹിറ്ററായിരുന്നു. പുഷ്കർ ഗായത്രിയുടെ ടീം എനിക്ക് നേരത്തെ അറിയാവുന്നതാണ്. ഞാൻ മുൻപ് അവരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ആര്യയുടെ സഹോദരിയായി ‘ഓരം പോ’ എന്നൊരു സിനിമ ആയിരുന്നു അത്. അത് ഞാൻ ആണെന്ന് പലർക്കും അറിയില്ല. കാരണം അതിൽ എന്നെ മുഴുവൻ കറുത്ത ചായം തേച്ച് കറുപ്പിച്ച ഗെറ്റപ്പിൽ ആയിരുന്നു. അതിന്റെ ഓർമ്മ എനിക്കുണ്ട്. അവർ നല്ലൊരു ടീമായിരുന്നു. സുഴൽ രണ്ടാം ഭാഗത്തിൽ വളരെ നല്ലൊരു കഥാപാത്രം വന്നപ്പോൾ തിരിച്ചു വരാൻ നല്ല സമയം ഇതുതന്നെ എന്നാണ് തോന്നിയത്. നമുക്ക് അറിയുന്ന ഒരു ടീമിനൊപ്പം വർക്ക് ചെയ്യുമ്പോൾ കംഫർട്ടബിൾ ആയിരിക്കും.
എന്റെ കഥാപാത്രത്തിന്റെ പേര് മാലതി. ലാൽ സാറിന്റെ ഭാര്യയാണ്. കതിർ, അമിത്, അതുൽ എന്നീ നടന്മാരൊപ്പം ആണ് കോമ്പിനേഷൻ ഉള്ളത്. പുഷ്കർ ഗായത്രി ക്രിയേറ്റിവ് ഡയറക്ടർ ആണ്. ഭ്രമം, സർജുൻ എന്നിവരാണ് സംവിധാനം ചെയ്യുന്നത്. സുഴലിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം വളരെ മനോഹരമാണ്. മാലതിയും വളരെ ശാന്തയായി സുന്ദരിയായ ഒരു സ്ത്രീയാണ്. വളരെ നല്ല അനുഭവം ആയിരുന്നു സുഴലിൽ ലഭിച്ചത്. സുഴൽ റിലീസ് ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം അടുത്ത പ്രോജക്ട് ഏറ്റെടുക്കാം എന്ന് കരുതുന്നു,” അശ്വനി നമ്പ്യാർ പറഞ്ഞു.