ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ തകർപ്പൻ ഒരു വിജയ സിക്സർ പറത്തി ഇന്ത്യയെ ഫൈനലിലേക്കെത്തിച്ച കെഎൽ രാഹുലിനെ ഗ്രൗണ്ടിലിറങ്ങി അഭിനന്ദിക്കുന്ന ആരാധകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്ലെൻ മാക്സ്‌വെലിനെതിരെ 49–ാം ഓവറിലെ ആദ്യ പന്തിലാണ് ഒരു തകർപ്പൻ സിക്സറുമായി രാഹുൽ ടീമിന് വിജയം സമ്മാനിച്ചത്. ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് നാലു റൺസ് കൂടി വേണമെന്നിരിക്കെയാണ് സിക്സറിലൂടെ രാഹുൽ വിജയറൺ കുറിച്ചത്.
തൊട്ടുപിന്നാലെ രാഹുലും രവീന്ദ്ര ജഡേജയും ഓസീസ് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ ഒരുങ്ങുന്നതിനിടെയാണ് ഗാലറിയിൽനിന്ന് ഒരു ആരാധകൻ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഒരു വിരുതൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. യാഥൊരു തടസമൊന്നും കൂടാതെ പിച്ചിന് സമീപം രാഹുലിന്റെ അടുത്തെത്തിയ ആരാധകൻ, കെട്ടിപ്പുണർന്നാണ് രാഹുലിനോടുള്ള സ്നേഹം പങ്കുവച്ചത്.
സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ച് ഗ്രൗണ്ടിലെത്തിയതാണെങ്കിലും രാഹുലും എതിർപ്പൊന്നും കൂടാതെ ആരാധകന്റെ സ്നേഹം ഏറ്റുവാങ്ങി. ഓസീസ് താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതിനിടെ ഓടിയെത്തിയ ആരാധകന്റെ അടുത്തേക്ക് നടന്നെത്തിയ രാഹുൽ, അദ്ദേഹത്തിനും ഹസ്തദാനം നൽകിയാണ് വരവേറ്റത്. തുടർന്നായിരുന്നു ആശ്ലേഷം. അപ്പോഴേക്കും ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരും സമീപത്തുണ്ടായിരുന്ന ഫോട്ടോഗ്രഫറും ചേർന്ന് ആരാധകനെ പിടിച്ചുമാറ്റി ഗ്രൗണ്ടിനു വെളിയിലേക്ക് കൊണ്ടുപോയി.
സെമി ഫൈനലിൽ, 98 പന്തിൽ അഞ്ച് ഫോറുകളോടെ 84 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ വിജയ ശിൽപി. ശ്രേയസ് അയ്യർ 62 പന്തിൽ മൂന്നു ഫോറുകൾ സഹിതം 45 റൺസെടുത്ത് പുറത്തായി. 43 റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കി തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ കരുതലോടെ ബാറ്റു ചെയ്ത് 111 പന്തിൽ 91 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്.
കെ.എൽ. രാഹുൽ (34 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 42), ഹാർദിക് പാണ്ഡ്യ (24 പന്തിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 28) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനവും നിർണായകമായി. രവീന്ദ്ര ജഡേജ ഒരു പന്തിൽ രണ്ടു റൺസുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു.
അവസാന നിമിഷങ്ങളിൽ പന്ത്– റൺസ് അനുപാതം ഒരേ നിലയിൽ തുടർന്നത് ചെറിയ തോതിൽ ടെൻഷൻ ഉയർത്തിയെങ്കിലും, ആദം സാംപ എറിഞ്ഞ 47–ാം ഓവറിൽ ഇരട്ട സിക്സറുമായി പാണ്ഡ്യ ആ സമ്മർദ്ദമകറ്റി. ആറാം വിക്കറ്റിൽ പാണ്ഡ്യ– രാഹുൽ സഖ്യം 32 പന്തിൽ 34 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിന് തൊട്ടരികെ പാണ്ഡ്യ പുറത്തായെങ്കിലും ജഡേജയെ സാക്ഷിനിർത്തി തകർപ്പൻ സിക്സറിലൂടെ രാഹുൽ തന്നെ ആ വിജയ റൺ കുറിച്ചു.
Fan Breaches Dubai Security, Hugs KL Rahul After India’s Semifinal Win Vs Australia
🙇🏽🙇🏽#IndvsAusSemifinal #IndvsAusfinal#ChampionsTrophy2025 #ChampionsTrophypic.twitter.com/L0G6DdQlnL
— Umesh Thakran ( किसान पुत्र ) (@UmeshThakran007) March 5, 2025