ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ 20കാരിയെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശികളായ പ്രജിത്ത്, കാർത്തിഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടിപ്പെരിയാറിന് സമീപത്തുള്ള തേയിലത്തോട്ടത്തിൽ താമസിക്കുന്ന പെൺകുട്ടി കുമളിയിലെ സ്വകാര്യ കോളേജിൽ പഠിക്കുകയായിരുന്നു.
സംഭവ ദിവസം അയൽവാസിയായ പ്രജിത്ത് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്നറിയിച്ചു. തുടർന്ന് യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കുമളി റോസാപ്പൂകണ്ടത്തിലെ ലോഡ്ജിൽ എത്തിച്ചു. ഈ സമയം പ്രജിത്തിൻറെ സുഹൃത്ത് കാർത്തിഷ് മുറിയിലുണ്ടായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. വഴങ്ങാതെ വന്നപ്പോൾ അടിച്ച് പരുക്കേൽപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. പ്രജിത്താണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. കൂട്ടാളിയായ കാർത്തിഷ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് കാർത്തിഷും പീഡിപ്പിച്ചു.
ശേഷം പെൺകുട്ടിയെ കുമളിയിൽ നിന്നും വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം എസ്റ്റേറ്റ് തൊഴിലാളികളായ പ്രതികൾ ജോലിസ്ഥലത്തേക്കു മടങ്ങി. ദൃശ്യങ്ങൾ വീട്ടുകാരെ കാണിച്ച് പോലീസിൽ പരാതി നൽകരുതെന്നും ഭീഷണിപ്പെടുത്തി. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയും മാതാപിതാക്കളും കുമളി പോലീസിൽ പരാതി നൽകിയതോടെ പ്രതികൾ നാടുവിട്ടു. ഒന്നാം പ്രതിയായ പ്രജിത്തിനെ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും രണ്ടാം പ്രതി കാർത്തിഷിനെ ഹൊസൂരിൽ നിന്നുമാണ് പിടികൂടിയതെന്ന് കുമളി എസ്എച്ച്ഒ പിഎസ് സുജിത്ത് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.