തൃശൂര്‍: തൃശ്ശൂര്‍ മുണ്ടൂരില്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തിന് പിന്നില്‍ മുന്‍ജീവനക്കാരന്‍. ജോലിയില്‍ നിന്നും പിരിച്ചുവിട്ട ദേഷ്യത്തിലാണ് തീവച്ചതെന്ന് മുന്‍ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഇയാള്‍ ടിറ്റൊ പോലീസില്‍ കീഴടങ്ങി.
വേളക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിക്ക് ആണ് മുന്‍ ജീവനക്കാരന്‍ തീവച്ചത്. പുലര്‍ച്ചെ 3:30 ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുന്ദംകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 8 യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
പുലര്‍ച്ചെസമയമായതിനാലാണ് ആളപായം ഒഴിവായത്. സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ റബര്‍ എസ്റ്റേറ്റിലേക്കും തീ പടര്‍ന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ജോലിയില്‍ നിന്നും പിരിച്ചുവിട്ട കാരണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള വൈരാഗ്യമാണ് ഫാക്ടറിക്ക് തീ വയ്ക്കുന്നതിലേക്ക് നയിച്ചത് എന്നാണ് മൊഴി.