ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർ പ്രതികളായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും പിടികൂടിയ സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ടിൽ പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരായ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ടു പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണു പറയുന്നത്. ഇത് മറ്റ് 7 പേർക്കെതിരെ കേസെടുക്കാൻ മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൂടാതെ ഇവരെ പിടികൂടിയയിടത്തു നിന്നും കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമൊന്നും കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ റിപ്പോർട്ടിൽ ഇല്ല. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി എടുക്കേണ്ടത് എക്സൈസ് കമ്മിഷണറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളുമായി യു പ്രതിഭ എംഎൽഎ പരാതി നൽകുകയായിരുന്നു. തന്റെ മകനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അവരെ പേടിച്ചാണ് മകൻ കുറ്റം ഏറ്റതെന്നുമായിരുന്നു എംഎൽഎയുടെ പരാതിയിൽ പറയുന്നത്.