കാഞ്ഞങ്ങാട്: യുവതിയെ വാട്സാപ്പ് സന്ദേശത്തിലൂടെ മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരെ പരാതി. കാസര്‍കോട് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി സി.എച്ച്. നുസൈബ ആണ് ഭർത്താവ് അബ്ദുള്‍ റസാഖിനെതിരെ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് തന്‍റെ പിതാവിന്‍റെ ഫോണിലേക്ക് മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയച്ചെന്നാണ് പരാതി.
‘വിവാഹം കഴിച്ചാല്‍ ഞാന്‍ പറയുന്നത് കേട്ട് നില്‍ക്കണം. മൂന്നുകൊല്ലമായി ഞാന്‍ സഹിക്കുന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞാല്‍ വേണ്ട. മൂന്ന് തലാഖ് ഞാന്‍ ചൊല്ലി, എനിക്ക് നിങ്ങടെ മോളെ വേണ്ട’, കുടുംബം പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു. ഭര്‍ത്താവ് അബ്ദുള്‍ റസാഖും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചിരുന്നതായും ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം പട്ടിണിക്കിട്ടെന്നും ക്രൂരപീഡനങ്ങള്‍ക്കൊടുവിലാണ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ യുവതി പറയുന്നു.
നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം 2019 മുതൽ രാജ്യത്ത് നിയമവിരുദ്ധമാക്കിയിരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം.