തിരുവനന്തപുരം: ശശി തരൂരിന്റെ ഒഴിയമ്പുകൾക്കു വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ ഇപ്പാഴുള്ള നിലപാട് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നും ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കാൻ പറ്റിയ നേതാവില്ലെന്നും അതിനു താനാണ് എന്തുകൊണ്ടും യോഗ്യനെന്നുള്ള സൂചനകളായാണ് തരൂരിന്റെ നീക്കത്തെ കാണുന്നത്.
അതേസമയം ശശി തരൂരിന്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് ഒരുവിഭാഗം നേതാക്കൾ. തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നാണ് ഇവരുടെ നിലപാട്.
മാത്രമല്ല കേരളത്തിലും തരൂർ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. എതിരാളികൾക്ക് വിമർശിക്കാൻ തരൂർ രാഷ്ട്രീയ ആയുധം നൽകിയെന്നും ഹൈക്കമാൻഡ് കണക്കാക്കുന്നു. തരൂരിന്റെ അഭിപ്രായങ്ങളിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിന്റെ വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.